ശബരിമല സംഘർഷം ആസൂത്രിതം; സംഘ്പരിവാർ അജണ്ട പുറത്ത്
text_fieldsതിരുവനന്തപുരം/ശബരിമല: ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ആസൂത്രിത അജണ്ട തയാറാക്കിയതിെൻറ തെളിവുകൾ പുറത്ത്. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാൻ പ്രവർത്തകരെ അയക്കുന്നത് ബി.ജെ.പിയാണെന്ന് തെളിയിക്കുന്ന നേതൃത്വത്തിെൻറ സർക്കുലറും വിശ്വാസസംരക്ഷകരെന്ന പേരിൽ കൂടുതൽ പേരെ ശബരിമലയിൽ ‘ഡ്യൂട്ടിക്ക്’ എത്തിക്കാനുള്ള ആർ.എസ്.എസ് തീരുമാനവുമാണ് പുറത്തായത്. അതോടൊപ്പം ഞായറാഴ്ച രാത്രി സന്നിധാനത്ത് നടന്ന നാമജപ പ്രതിഷേധത്തിന് പിന്നിലും സംഘ്പരിവാറാണെന്ന് വ്യക്തമായി.
നിയമസഭ മണ്ഡലങ്ങളിൽനിന്ന് പരമാവധി പ്രവർത്തകരെ അയക്കാനാണ് ബി.ജെ.പി നിർേദശം. 18 മുതൽ നട അടക്കുന്ന ഡിസംബർ 15 വരെ സമരത്തിനെത്തുന്നവർക്ക് നേതൃത്വം നൽകേണ്ട 58 സംസ്ഥാന നേതാക്കളുടെ പേരും ഫോൺനമ്പറും ഉൾപ്പെടുത്തി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണെൻറ ഒപ്പോടെ 17നാണ് സർക്കുലർ ഇറക്കിയത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ഒഴികെ 11 ജില്ലകളിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, മോർച്ച സംസ്ഥാന ഭാരവാഹികൾ, മേഖല, ജില്ല ഭാരവാഹികൾ എന്നിവരാണ് പ്രവർത്തകരെ എത്തിക്കാൻ നേതൃപരമായ പങ്കുവഹിക്കേണ്ടത്. പ്രവർത്തകർ എവിടെ എത്തണം, എവിടെ സംഘടിക്കണം എന്നീ കാര്യങ്ങൾ ചുമതലക്കാർ പ്രവർത്തകരെ അറിയിക്കും.
ശബരിമലയില്‍ ആസൂത്രിത കുഴപ്പമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണ് സർക്കുലറിലൂടെ പുറത്തുവന്നെതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഒരു പഞ്ചായത്തിൽനിന്ന് 10 അംഗങ്ങളോട് മാലയിട്ട് മലക്ക് പോകാനാണ് ആർ.എസ്.എസ് നിർദേശം. ഇവർ മടങ്ങുേമ്പാഴേക്ക് അടുത്ത ബാച്ച് തയാറാകണം. സംഘ്പരിവാർ സംഘടനകളിൽ സജീവമല്ലാത്തവരെയും ശബരിമലക്ക് പോകുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.
ഒാരോ ദിവസവും ശബരിമലയിൽ എത്തേണ്ട പ്രവർത്തകർ, നയിക്കേണ്ട ജില്ല ഭാരവാഹികൾ എന്നിവരുടെ പേരുകൾ സഹിതം ശാഖകളിൽ ലഭിച്ച സർക്കുലറിലുണ്ട്. എല്ലാ ദിവസവും രണ്ടോ അതിലധികമോ സംസ്ഥാനനേതാക്കൾക്കും ശബരിമലയിൽ ചുമതല നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി സന്നിധാനത്ത് നടന്ന നാമജപ പ്രതിഷേധത്തിൽ ഒത്തുകൂടിയ തങ്ങൾ സാധാരണ ഭക്തരാണെന്നും ഒരു സംഘടനയുടെയും പ്രവർത്തകരെല്ലന്നും പരസ്പരം അറിയുന്നവർപോലുമല്ലെന്നുമാണ് നേതൃത്വം നൽകിയ എറണാകുളം സ്വദേശി രാജേഷ് അറസ്റ്റിന് മുതിർന്ന പൊലീസുകാരോട് പറഞ്ഞത്. മൂവാറ്റുപുഴയിലെ ആർ.എസ്.എസിെൻറ കാര്യവാഹക് രാജേഷ് ഗൗരിനന്ദനമായിരുന്നു ഇയാളെന്ന വിവരം തിങ്കളാഴ്ച പുറത്തായി. ഹരിവരാസനം പാടി നട അക്കുന്നതോടെ ഭഗവാൻ ഉറക്കത്തിലാവുകയാണെന്നാണ് വിശ്വാസം. അതിനു ശേഷം സന്നിധാനത്ത് ഒച്ചയും ബഹളവും പാടില്ല. അതനുസരിച്ച് മൈക്കുകൾ എല്ലാം ഒാഫ് ചെയ്യും. വെടിവഴിപാടും നിർത്തിെവക്കും. പിന്നീട് ഭക്തർ ശരണം വിളിക്കാറുമില്ല. ഇൗ ആചാരം ലംഘിച്ചാണ് പൊലീസുമായി വാക്കേറ്റത്തിനും സംഘർഷത്തിനും സമരക്കാർ മുതിർന്നത്.
‘മൂവാറ്റുപുഴ കാര്യവാഹക് രാജേഷേട്ടനെയാണ് അറസ്റ്റ് ചെയ്തത്’ എന്ന കമൻറ് ഫേസ്ബുക്കിലിട്ട ആളോട് അത് പിൻവലിക്കണമെന്നും ആളിനെ തിരിച്ചറിയാൻ ഇടയാക്കുന്ന ഒരു പോസ്റ്റും ഇൗ സമയത്ത് ഇടരുതെന്നും വിലക്കുന്ന കമൻറുകൾ തുരുതുരാ വന്നതിെൻറയും രേഖകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ബി.ജെ.പി എം.പിമാരായ നളീൻകുമാർ കട്ടീലും വി. മുരളീധരനും ചൊവ്വാഴ്ച ശബരിമല സന്ദർശിക്കുമെന്ന് നേതൃത്വം അറിയിച്ചു. ഇവർ രാവിലെ 10ന് നിലയ്ക്കലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.