നവകേരള സദസ്: നിസ്സഹകരണം ആരോപിച്ച് സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ്
text_fieldsപത്തനംതിട്ട: നവകേരള സദസുമായി നിസ്സഹകരണമെന്ന് ആരോപിച്ച് അടൂർ സി.പി.എം ഏരിയാ കമ്മിറ്റിയിലെ മൂന്ന് പേർക്ക് നോട്ടീസ്. അടൂരിൽ നവകേരള സദസ് എത്താനിരിക്കെയാണ് നോട്ടീസ് നൽകിയത്.
വിഭാഗീയതയാണ് നവകേരള സദസിൽനിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ഒരുപക്ഷം പറയുന്നു. അതേസമയം, മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നത് കൊണ്ടുള്ള സ്വാഭാവിക നടപടിയാണ് നോട്ടീസ് നൽകിയതിന് പിന്നിലെന്ന് ഏരിയാ സെക്രട്ടറി പറയുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.
അതേസമയം, പത്തനംതിട്ടയിലെ പ്രഭാതയോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റടക്കം കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ അടക്കമുള്ളവരാണ് എത്തിയത്. സദസിൽ പങ്കെടുക്കുന്നത് അഭിമാനമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഗതാഗത നിയന്ത്രണം
തിരുവല്ല: ശനിയാഴ്ച വൈകീട്ട് ആറിന് തിരുവല്ലയിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണവും പാർക്കിങ് ക്രമീകരണവും ഏർപ്പെടുത്തി. ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ടൗണിലേക്ക് കടക്കാതെ മറ്റു റോഡുകളിലൂടെ തിരിഞ്ഞ് പോകണം. എടത്വ, മാവേലിക്കര ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാവുംഭാഗത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടിഞ്ഞില്ലം വഴി പോകണം. എടത്വ, മാവേലിക്കര ഭാഗത്തേക്ക് പോകേണ്ടവർ ഇടിഞ്ഞില്ലത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗത്തെത്തി പോകണം. ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മറയ്ക്കച്ചിറയിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് കിഴക്കൻമുത്തൂർ-മുത്തൂർ റോഡിലൂടെ പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.