കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ നേപ്പാൾ അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു
text_fieldsതിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഷംനാദിനെ നേപ്പാൾ അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. യു.എ.പി.എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് - നേപ്പാൾ അതിർത്തിയിൽ വച്ചാണ് കേരള പൊലീസ് പിടികൂടിയത്.
സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ പൊലീസ് ആണ് പ്രതിയെ കണ്ടെത്തിത്. വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതിയാണ് ഇയാൾ. തൃശ്ശൂർ സിറ്റി വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. വടക്കേ ഇന്ത്യയിലും നേപ്പാളിലും ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
2016 ൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മറ്റും കവർന്ന കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് പിന്നീട് ഭീകരവിരുദ്ധ സേന അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു.
തടിയൻറവിട നസീർ ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ് ഷംനാദ്. ഒളിവിൽ താമസിക്കാൻ ഇയാളെ സഹായിച്ചവരെക്കുറിച്ച് അന്വേഷണം തുടരുന്നു. ഭീകരവിരുദ്ധസേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.