എല്ലാ വകുപ്പുകളുടെയും ഒാൺലൈൻ സേവനങ്ങൾക്ക് ഇനി ഏകീകൃത പോർട്ടൽ
text_fieldsതിരുവനന്തപുരം: എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തി 'ഇ-സേവനം' (https://www.services.kerala.gov.in/) എന്ന ഏകീകൃത പോർട്ടൽ പ്രവർത്തനസജ്ജമായി. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500ലധികം സേവനങ്ങൾ ഇ-സേവനം മുഖേന ലഭ്യമാകും. വകുപ്പടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരംതിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർഥികൾ, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, നൈപുണ്യ വികസനം, സാമൂഹിക സുരക്ഷ പെൻഷൻ, പൊതു ഉപയോഗ സേവനങ്ങൾ, മറ്റ് സേവനങ്ങൾ എന്നിങ്ങനെ ഒമ്പതെണ്ണമായി തരംതിരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വകുപ്പുകളുടെ സേവനങ്ങൾ അക്ഷരമാലക്രമത്തിലും ലഭ്യമാണ്.
പുറമേ, 450 സേവനങ്ങൾ ഉൾപ്പെടുത്തിയ എം. സേവനം (m-Sevanam) എന്ന മൊബൈൽ ആപ്പും തയാറായിക്കഴിഞ്ഞു. ഈ ആപ് ആൻഡ്രോയിഡ്, IOS പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ഓഫിസുകളിലെ തിരക്കുകൾ നിയന്ത്രിക്കാനും കൂടുതൽ അനായാസമായും ഫലപ്രദമായും സേവനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഈ ഏകീകൃത സംവിധാനം സഹായകമാകും.
സർക്കാറിെൻറ വെബ്പോർട്ടലായ https://kerala.gov.in/ നവീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന ഓൺലൈൻസേവനങ്ങളുടെ സ്ഥിതിവിവരങ്ങൾ ലഭ്യമാക്കുന്ന സർവിസ് ഡാഷ്ബോർഡും (http://dashboard.kerala.gov.in/) വികസിപ്പിച്ചു. ഇതുവഴി ഓരോ വകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പോർട്ടലിൽ ലഭ്യമാകും. സർക്കാറിെൻറ വിവിധ വകുപ്പുകൾ പുറപ്പെടുവിക്കുന്ന സർക്കുലറുകൾ, ഓർഡറുകൾ അറിയിപ്പുകൾ, വിജ്ഞാപനങ്ങൾ, ടെൻഡറുകൾ എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന ഡോക്യുമെൻറ് റെപ്പോസിറ്റോറി പോർട്ടലും കേരള സ്റ്റേറ്റ് പോർട്ടലിെൻറ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.