മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെത്തിക്കാൻ ഇനി ഡ്രോണുകളും
text_fieldsമേപ്പാടി: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തും. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഭക്ഷണ വിതരണത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഞായറാഴ്ച രക്ഷാപ്രവർത്തകർ കൃത്യസമയത്ത് ഭക്ഷണം കിട്ടാതെ വലഞ്ഞിരുന്നു. പാകംചെയ്ത പുറത്തുനിന്നുള്ള ഭക്ഷണം എത്തിക്കരുതെന്നും എല്ലാവർക്കുമുള്ള ഭക്ഷണത്തിനായി സമൂഹ അടുക്കള ആരംഭിച്ചിട്ടുണ്ടെന്നും ശനിയാഴ്ചയാണ് കലക്ടർ അറിയിച്ചത്.
എന്നാൽ, ഞായറാഴ്ച കാലത്തുതന്നെ ഭക്ഷണവിതരണം തടസ്സപ്പെട്ടു. സൈന്യം, പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയവർക്കുപോലും പ്രഭാതഭക്ഷണം കൃത്യസമയത്ത് ലഭിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഞായറാഴ്ചയും ഭക്ഷണം ലഭിക്കുമെന്ന് കരുതിയാണ് രക്ഷാപ്രവർത്തകരും സന്നദ്ധസംഘടന പ്രവർത്തകരും മുണ്ടക്കൈമല കയറിയത്. എന്നാൽ, 11 മണി കഴിഞ്ഞിട്ടും പലർക്കും പ്രഭാത ഭക്ഷണം പോലും ലഭിച്ചില്ല. സമൂഹ അടുക്കള വഴി റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നേരിട്ട് ഭക്ഷണം വിതരണം ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
പക്ഷേ, ദുരന്ത മുഖത്ത് സജീവമായ പലയാളുകൾക്കും ഞായറാഴ്ച രാവിലെ ബിസ്കറ്റും ചായയും മാത്രമാണ് കിട്ടിയത്. ഉച്ചഭക്ഷണവും സമയത്തിന് കിട്ടാതായതോടെ പരാതി ഉയർന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായി. പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ചുള്ള ഭക്ഷണ വിതരണം പരീക്ഷിച്ചത്.
മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റസ്റ്റാറന്‍റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.