കേശവൻ നായർക്കും ബീരാവുവിനും ഇനി സ്വന്തം വക്കീൽ
text_fieldsകോതമംഗലം: കേരള ബാർ കൗൺസിലിെൻറ ചരിത്രത്തിൽ ആദ്യമായി നടന്ന ഓൺലൈൻ എൻറോൾമെൻറ് പുരോഗമിക്കുമ്പോൾ പ്രായാധിക്യം വകവെക്കാതെ 93 വയസ്സുള്ള ബീരാവുവും 80കാരനായ കേശവൻ നായരുമൊക്കെ പീസ് വാലിയുടെ വരാന്തയിൽ കാത്തിരിക്കുകയായിരുന്നു, അകത്ത് കോൺഫറൻസ് റൂമിൽ പീസ് വാലിയിലെ അക്കൗണ്ടൻറ് മുഹമ്മദ് അസ്ലം ഓൺലൈൻ എൻറോൾമെൻറിനുശേഷം അഭിഭാഷക വേഷത്തിൽ പുറത്തിറങ്ങുന്നത് കാണാനും ആശിർവദിക്കാനുമായി.
മക്കൾ ഉപേക്ഷിച്ച ബീരാവുവും അനാഥത്വം പേറുന്ന കേശവൻ നായരുമടക്കം പീസ് വാലിയിലെ അഗതികളുടെ പ്രിയങ്കരനാണ് അസ്ലം. പറഞ്ഞതിലും വൈകി ഒരുമണിയോടെയാണ് പ്രതിജ്ഞ കഴിഞ്ഞ് അസ്ലം പുറത്തിറങ്ങിയത്.
അഭിഭാഷക വേഷത്തിൽ എത്തിയ അസ്ലമിനെ ബീരാവുവും കേശവൻ നായരും നെഞ്ചോട് ചേർത്തു.നാട്ടിലെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയായപ്പോൾ ജീവിത സായാഹ്നത്തിൽ അഭയകേന്ദ്രത്തിൽ എത്തിപ്പെട്ടവരാണ് ഇരുവരും. നിയമത്തിെൻറ പഴുതുകളിലൂടെ തങ്ങളെ പരാജയപ്പെടുത്തിയവരോട് ഇവർക്ക് പരിഭവമില്ല.
അസ്ലമിെൻറ എൻറോൾമെൻറിന് എറണാകുളത്ത് പോകാമെന്നും ഹൈകോടതിയും മറൈൻഡ്രൈവുമൊക്കെ കാണാമെന്നും കരുതിയിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ എല്ലാം തകിടംമറിക്കുകയായിരുന്നു.
പീസ് വാലിയുടെ തുടക്കം മുതലുള്ള മലപ്പുറം കാളികാവ് സ്വദേശിയായ അസ്ലം ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.