'ഇനി ഞാനൊഴുകട്ടെ'; വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാൽ
text_fieldsതിരുവനന്തപുരം: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇനി ഞാനൊഴുകട്ടെ' പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റർ നീർച്ചാലുകൾ. 412 കിലോമീറ്റർ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു സ്വാഭാവിക ഒഴുക്ക് സാധ്യമാക്കാൻ നടപ്പാക്കിയ പ്രവർത്തനങ്ങളിലൂടെയാണ് ജലസ്രോതസ്സുകൾ വീണ്ടെടുക്കാനായത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ദൂരം നീർച്ചാൽ മാലിന്യമുക്തമാക്കിയത്; 10,885 കിലോമീറ്റർ. എറണാകുളം ജില്ലയിൽ 7,101 കിലോമീറ്ററും കോട്ടയം ജില്ലയിൽ 4,148 കിലോമീറ്റർ നീർച്ചാലുമാണ് വീണ്ടെടുത്തത്.
കാലവർഷത്തിൽ കോട്ടയം, ആലപ്പുഴ ഉൾപ്പെടെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ പെയ്ത സാഹചര്യത്തിൽ വെള്ളക്കെട്ടിന്‍റെ രൂക്ഷത കുറക്കാൻ പദ്ധതി സഹായകമായി. മീനച്ചിലാർ - മീനന്തറയാർ- കൊടൂരാർ പുനഃസംയോജനം നടത്തിയത് വഴി 5,200ൽ അധികം ഏക്കറിൽ കൃഷി പുനരാരംഭിക്കാൻ സാധിച്ചതും നേട്ടമാണ്.
മൂന്നാം ഘട്ടത്തിൽ പശ്ചിമ ഘട്ടത്തിലെ ജലാശയങ്ങൾ വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ജലസ്രോതസ്സുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ളവ തടയുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.