കൊച്ചി വിമാനത്താവളം വഴി ഇനി ഓമനമൃഗങ്ങൾക്കും പറക്കാം
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ ഓമനമൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽവന്നു. വ്യാഴാഴ്ച പുലർച്ച ലാസ അപ്സോ ഇനത്തിൽപെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി ഖത്തർ എയർവേസിൽ കൊച്ചിയിൽനിന്ന് ദോഹ വഴി ദുബൈയിലേക്ക് പറന്നത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ രാജേഷ്-കവിത ദമ്പതികളുടെ ഓമനയാണ് ലൂക്ക. ദുബൈയിൽ ബിസിനസുകാരനാണ് രാജേഷ്.
കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് ‘പെറ്റ് എക്സ്പോർട്ട്’ അനുമതി ലഭിച്ചതോടെ ഈ സൗകര്യമുള്ള സംസ്ഥാനത്തെ ഏക വിമാനത്താവളമായി കൊച്ചി മാറി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, പ്രത്യേക കാർഗോ വിഭാഗം, വെറ്ററിനറി ഡോക്ടർമാർ, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം, മൃഗങ്ങളെ കൊണ്ടുവരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള അനുമതി മാത്രമേ കൊച്ചിയിൽ ഉണ്ടായിരുന്നുള്ളൂ.
എല്ലാ രാജ്യങ്ങളിലേക്കും പ്രത്യേകം സജ്ജമാക്കിയ കൂടുകളിൽ കാർഗോ വഴി കൊണ്ടുപോകാനുള്ള അനുമതിയാണ് ഇപ്പോൾ ലഭിച്ചത്. വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ‘അനിമൽ ക്വാറൈന്റൻ’ കേന്ദ്രം സ്ഥാപിച്ചുവരുകയാണ്. സസ്യങ്ങളും ഫലങ്ങളും കൊണ്ടുപോകാനും ഇറക്കുമതി ചെയ്യാനുമുള്ള അനുമതി സിയാലിനുണ്ട്. ഇതിനായുള്ള ‘പ്ലാന്റ് ക്വാറൈന്റൻ സെന്റർ’ കാർഗോ വിഭാഗത്തിനുസമീപം പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളിലുള്ള എല്ലാ സൗകര്യങ്ങളും കൊച്ചിയിൽ ഏർപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഫുൾബോഡി സ്കാനർ പോലുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉടൻ നിലവിൽവരും. ജീവൻരക്ഷാ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് സിയാലിന് ഈയിടെ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.