എൻ.പി.പിയിൽ കല്ലുകടി; ജോണി നെല്ലൂർ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു
text_fieldsകൊച്ചി: പുതുതായി രൂപവത്കരിച്ച നാഷനൽ പ്രോഗ്രസിവ് പാർട്ടിയിൽ (എൻ.പി.പി) തുടക്കത്തിലേ കല്ലുകടി. ഇതിന് പിന്നാലെ വർക്കിങ് ചെയർമാൻ ജോണി നെല്ലൂർ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. മൂന്ന് പതിറ്റാണ്ടായി നിലനിന്ന യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് ഏപ്രിൽ 22നാണ് ജോണി നെല്ലൂർ എൻ.പി.പി വർക്കിങ് ചെയർമാനായത്.
പുതിയ പാർട്ടിക്ക് പിന്നിൽ സംഘ് പരിവാറാണെന്ന ആരോപണം വന്നതോടെ കുടുംബത്തിനകത്തുനിന്നടക്കം ഉയർന്ന എതിർപ്പാണ് സജീവ രാഷ്ട്രീയം വിടാൻ കാരണമെന്നാണ് സൂചന. സജീവ രാഷ്ട്രീയം വിട്ടതായി അദ്ദേഹം ‘മാധ്യമ’ത്തോട് സ്ഥിരീകരിച്ചു.
സാമ്പത്തിക ബാധ്യതയും കുടുംബത്തിനകത്തുനിന്നുള്ള സമ്മർദവുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. നിലവിൽ മറ്റൊരു സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നില്ല. മൂന്ന് പതിറ്റാണ്ടിലധികം യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗമായിരുന്നു താൻ. അവിടെനിന്നുണ്ടായ ചില തിക്താനുഭവങ്ങളുടെ വെളിച്ചത്തിൽ രാജിവെക്കാൻ മാത്രമാണ് ഉദ്ദേശിച്ചത്. അപ്പോഴാണ് പുതിയ പാർട്ടിയുടെ ഭാഗമാകാൻ ക്ഷണിച്ചത്.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്കത് മുന്നോട്ട് കൊണ്ടുപോകാനാവില്ല. ബി.ജെ.പി രാഷ്ട്രീയം നമുക്ക് യോജിച്ചതല്ല. സാമൂഹിക പ്രവർത്തനരംഗത്ത് തുടരുമെന്നും മറ്റ് കാര്യങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും ജോണി നെല്ലൂർ പറഞ്ഞു.
മൂന്ന് പ്രാവശ്യം മൂവാറ്റുപുഴ എം.എൽ.എയായിരുന്ന അദ്ദേഹം യു.ഡി.എഫ് സെക്രട്ടറിയുമായിരുന്നു. കേരള കോൺഗ്രസ് ജേക്കബിൽ രണ്ടാമനായി നിൽക്കവേയാണ് ജോസഫ് വിഭാഗത്തോടൊപ്പം ചേർന്നത്. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ ബി.ജെ.പി അജണ്ടയോടെയാണ് പുതിയ പാർട്ടി രൂപവത്കരണമെന്ന് ആക്ഷേപമുണ്ടായിരുന്നു.
രൂപവത്കരണ ഘട്ടത്തിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നെങ്കിലും പിന്നീട് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ പാർട്ടിക്കായിട്ടില്ല. ഇതിനിടെയാണ് വർക്കിങ് ചെയർമാൻതന്നെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.