പൗരത്വ പ്രക്ഷോഭം: മുഴുവൻ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രി വാക്കു പാലിക്കണം -എസ്.ഐ.ഒ
text_fieldsകോഴിക്കോട്: പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ ചുമത്തപ്പെട്ട മുഴുവൻ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് എസ്.ഐ.ഒ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങൾക്ക് നേരെ ചുമത്തപ്പെട്ട മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷം വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, അധികാരത്തിലേറിയ ശേഷം ഇടതു സർക്കാർ ഈ വിഷയത്തിൽ വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്.ഐ.ഒ കുറ്റപ്പെടുത്തി.
വാഗ്ദാനം കാപട്യമായിരുന്നുവെന്ന് സർക്കാർ തന്നെ പറയുന്ന കണക്കുകളിലൂടെ വ്യക്തമാകുന്നുണ്ട്. 835 കേസുകളിൽ വെറും രണ്ടു കേസുകൾ മാത്രമാണ് ഇതുവരെ പിൻവലിച്ചതെന്നാണ് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ വിശദീകരിച്ചത്. മുസ് ലിം സമുദായത്തോട് ഇടതുപക്ഷം തുടരുന്ന വഞ്ചനയുടെ മറ്റൊരു ഉദാഹരണം കൂടിയാണിത്.
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ കേസുകൾ ചുമത്തി വേട്ടയാടുന്ന ഇടതുപക്ഷ സർക്കാരും സംഘ്പരിവാറും എവിടെയാണ് വ്യത്യസ്തമാകുന്നതെന്നും രാജ്യത്ത് നടന്ന നിർണായക പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ കേസെടുത്ത് വേട്ടയാടുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ കേസുകൾ മുഴുവൻ പിൻവലിക്കുംവരെ ശക്തമായ പ്രതിഷേധങ്ങളുമായി എസ്.ഐ.ഒ മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അംജദ് അലി ഇ.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറിമാരായ സഈദ് കടമേരി, ഷമീർ ബാബു, സി.എസ് ഷാഹിൻ, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ്‌വി, തശ്‌രീഫ് കെ.പി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.