മടങ്ങിയെത്തുന്നവരുടെ ക്വാറൻറീൻ; 500 പേർക്ക് പത്തംഗ ആരോഗ്യസംഘം
text_fieldsതിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണത്തിനും ചികിത്സക്കും ആേരാഗ്യവകുപ്പിെൻറ വിപുലമായ തയാെറടുപ്പുകൾ. നേരിയ ലക്ഷണങ്ങളുള്ളവരെ പാർപ്പിക്കുന്നതിനുള്ള ക്വാറൻറീൻ കേന്ദ്രങ്ങൾ, പരിചരണം, ലക്ഷണങ്ങളുള്ളവരിൽ പ്രാഥമിക ചികിത്സ ആവശ്യമായവരും എന്നാൽ, ഗുരുതര ആരോഗ്യ സ്ഥിതി അല്ലാത്തവർക്കുമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ, രോഗം സ്ഥിരീകരിച്ചവർക്കുള്ള കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരുക്കം പൂർത്തിയായി.
നിരീക്ഷണകേന്ദ്രങ്ങളിൽ ഒരോ 500 പേർക്കും 10 ആേരാഗ്യപ്രവർത്തകരെയാണ് നിയോഗിക്കുക. ഡോക്ടർ, രണ്ട് നഴ്സുമാർ, രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ, അഞ്ച് ആരോഗ്യവളൻറിയർമാർ എന്നിവരാണ് ഒാരോ സംഘത്തിലുമുണ്ടാകുക.
ആയുഷ്, ഹോമിയോ എന്നീ വിഭാഗങ്ങളിലുള്ളവരെയും ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തും. നഴ്സിങ് വിദ്യാർഥികളുടെ സേവനവും നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രയോജനപ്പെടുത്തും. കൂടുതൽ പേരെ ആവശ്യമുണ്ടെങ്കിൽ എൻ.എച്ച്.എം വഴി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കാനും തീരുമാനമുണ്ട്.
എത്രപേർ മടങ്ങിയെത്തും എന്നതിെന അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യപ്രവർത്തകരുടെ വിന്യാസം നിശ്ചയിക്കുക. ആരോഗ്യപ്രവർത്തകരുടെ എണ്ണം സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
നിരീക്ഷണ കേന്ദ്രങ്ങളിൽ കാര്യമായ ചികിത്സയുണ്ടാകില്ല. ലക്ഷണങ്ങളുള്ളവരിൽ ചികിത്സ ആവശ്യമുള്ളവരെ ആദ്യം ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലാണ് പ്രവേശിപ്പിക്കുക. ബ്ലോക്കുകൾ കേന്ദ്രീകരിച്ചാണ് ഇതിനുള്ള സജ്ജീകരണം. ബ്ലോക്കുകളുടെ എണ്ണത്തിനനുസരിച്ച് 1500 മുതൽ 2500 വരെ പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒാരോ ജില്ലയിലുമുണ്ടാകുക. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും.
ഒാരോ ജില്ലയിലും രണ്ട് കോവിഡ് ആശുപത്രികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്.
വീടുകളിൽ വൈദ്യസഹായം, ടെലിമെഡിസിൻ, മൊബൈൽ മെഡിക്കൽ യൂനിറ്റ്
വിമാനത്താവളങ്ങളിലെ പരിശോധനയിൽ ലക്ഷണങ്ങളില്ലാത്തവരെ വീടുകളിൽ 14 ദിവസത്തെ നിരീക്ഷണത്തിനായി അയക്കും. ഇവർക്കായി വൈദ്യ പരിശോധന ഉറപ്പാക്കും. സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തിയാണ് ക്രമീകരണങ്ങൾ. ടെലിമെഡിസിൻ സൗകര്യവും മൊബൈൽ മെഡിക്കൽ യൂനിറ്റും ഏർപ്പെടുത്താനും ആലോചനയുണ്ട്. ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്കായി വാർഡ് തല സമിതികൾക്ക് രൂപം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.