സ്റ്റാലിൻ 'ജി' എന്ന് പിണറായി;'അവർകൾ' പോരേയെന്ന് എൻ.എസ്. മാധവൻ
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിലെ അഭിസംബോധന മാറ്റാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്ത്. കത്തിൽ 'സ്റ്റാലിൻ ജി' എന്നാണ് പിണറായി അഭിസംബോധന ചെയ്തിരിക്കുന്നത്. ഈ 'ജി' പ്രയോഗം എന്തിനാണെന്നും 'സ്റ്റാലിൻ അവർകൾ' എന്നുപോരെയെന്നുമാണ് എൻ.എസ്. മാധവൻ ചോദിക്കുന്നത്.
പിണറായി അയച്ച കത്തിന്റെ പേജ് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ ചോദ്യമുന്നയിച്ചത്..മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്റ്റാലിന് അയച്ച കത്ത് ഇതിന് മറുപടിയായി ചിലർ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'വണക്കം' എന്നാണ് കത്തിൽ വി.ഡി. സതീശൻ സ്റ്റാലിനെ അഭിസംബോധന ചെയ്തിരിക്കുന്നത്.
Deer Stalin avarkale… why ji? pic.twitter.com/6QPBulZlL3
— N.S. Madhavan (@NSMlive) October 26, 2021
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 11 വരെ 139.50 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മേൽനോട്ട സമിതി അംഗീകരിച്ച റൂൾ കേർവ് പ്രകാരം നവംബർ 10 വരെ 139.50 അടിയാണ് പരമാവധി ജലനിരപ്പ്. ഇത് നിലനിർത്താനാണ് സുപ്രീംകോടതി നിർദേശിച്ചത്. 138 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കേർവിനെ സംബന്ധിച്ച കേരളത്തിൻ്റെ എതിർപ്പ് സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റൂൾ കേർവിനെതിരായ കേരളത്തിന്റെ വാദം കേൾക്കുന്നതിന് നവംബർ 11ന് കേസ് കോടതി വീണ്ടും പരിഗണിക്കും. അതുവരെയുള്ള താത്കാലിക ക്രമീകരണം എന്ന നിലയിലാണ് ജലനിരപ്പ് 139.50 അടിയായി നിലനിർത്താൻ നിർദേശിച്ചത്. മേൽനോട്ട സമിതി നിശ്ചയിച്ച റൂൾ കേർവ് തമിഴ്നാടിന്റെ താത്പര്യത്തിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നാണ് കേരളം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.