മുന്നാക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭരണഘടനാ അവകാശങ്ങളുണ്ട് -എൻ.എസ്.എസ്
text_fieldsകൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെന്നപോലെ മുന്നാക്ക സമുദായങ്ങളുടെ സ്ഥാപനങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്ന് എൻ.എസ്.എസ് ഹൈകോടതിയിൽ. മുന്നാക്ക സമുദായങ്ങളുടെ സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അനുവദിച്ച പത്തുശതമാനം സമുദായ ക്വോട്ട റദ്ദാക്കിയ ഉത്തരവ് ഭരണഘടനാവിരുദ്ധമാണ്.
പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളല്ലാത്തതും സമുദായം വ്യക്തമാക്കിയതുമായ സ്കൂളുകളിൽ സർക്കാർ അനുവദിച്ച സമുദായ ക്വോട്ട സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരായ അപ്പീലിലാണ് എൻ.എസ്.എസിന്റെ വാദം.
105ാം ഭരണഘടന ഭേദഗതിയനുസരിച്ച് മുന്നാക്ക സമുദായങ്ങൾക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തിയത് കണക്കിലെടുത്താണ് സർക്കാർ പത്തുശതമാനം സമുദായ ക്വോട്ട അനുവദിച്ചതെന്ന് എൻ.എസ്.എസിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും സ്കൂളുകൾക്ക് 20 ശതമാനം സംവരണം ലഭിക്കുമ്പോൾ മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം മാത്രമാണ് ലഭിച്ചത്. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സംവരണം നൽകുന്നത്.
സംസ്ഥാനത്ത് ആകെയുള്ള എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ മുന്നാക്ക സമുദായങ്ങളുടെത് അഞ്ചുശതമാനത്തിൽ താഴെയാണെന്നും എൻ.എസ്.എസ് വാദിച്ചു. ഇത്തരം സ്കൂളുകൾക്ക് പത്തുശതമാനം സമുദായ ക്വോട്ട അനുവദിച്ചത് ഭരണഘടനാനുസൃതമാണെന്ന് സർക്കാറും വ്യക്തമാക്കി. തുടർന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തുടർ വാദത്തിനായി കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.