എൻ.എസ്.എസ്: ഡോ. എം. ശശികുമാര്‍ പ്രസിഡന്റ്; അഡ്വ. എ. അയ്യപ്പന്‍പിള്ള ട്രഷറര്‍
text_fieldsചങ്ങനാശ്ശേരി: എൻ.എസ്.എസ് പ്രസിഡന്റായിരുന്ന അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സംഘടനയുടെ ട്രഷററായിരുന്ന ഡോ. എം. ശശികുമാറിനെ പ്രസിഡന്റായും ലീഗല്‍ സെക്രട്ടറി അഡ്വ. എ. അയ്യപ്പന്‍പിള്ളയെ ട്രഷററായും തെരഞ്ഞെടുത്തു.
ഡയറക്ടര്‍ ബോർഡ് ഒഴിവുകളിലേക്ക് എം. സംഗീത്കുമാര്‍(തിരുവനന്തപുരം), പന്തളം ശിവന്‍കുട്ടി (പന്തളം), സി.പി. ചന്ദ്രന്‍നായര്‍ (മീനച്ചില്‍), ജി. മധുസൂദനന്‍പിള്ള (ചിറയിന്‍കീഴ്), ഡി. അനില്‍കുമാര്‍ (തിരുവല്ല), കെ.പി. നാരായണപിള്ള (കുട്ടനാട്), എം.പി. ഉദയഭാനു (തലശ്ശേരി), മാടവന ബാലകൃഷ്ണപിള്ള (കോട്ടയം), ആര്‍. ഹരിദാസ് ഇടത്തിട്ട (പത്തനംതിട്ട) എന്നിവരെ എതിരില്ലാതെയും ഡയറക്ടര്‍ ബോര്‍ഡിലെ അഡീഷനല്‍ എക്‌സ്‌പേര്‍ട്ട് അംഗമായി അഡ്വ. വി. വിജുലാലിനെയും തെരഞ്ഞെടുത്തു.
എന്‍.എസ്.എസിന് 138 കോടിയുടെ ബജറ്റ്
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. 138 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
മുന്‍വര്‍ഷത്തെ ബജറ്റ് 132 കോടി രൂപയായിരുന്നു. തിങ്കളാഴ്ച രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കുശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായർ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തില്ല. തൃശൂര്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷാണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്.
എന്‍.എസ്.എസ് സ്ഥാപനങ്ങളുടെ നവീകരണത്തിനും വികസനത്തിനും കാര്‍ഷികരംഗത്തെ വളര്‍ച്ചക്കും ഊന്നല്‍ നല്‍കുന്നതാണ് 2022-23ലെ ബജറ്റ്. മരാമത്തുപണികള്‍ക്കായി ജനറല്‍ ഭരണം വിഭാഗത്തിന്റെ ബജറ്റില്‍ 14 കോടി രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. പെരുന്നയില്‍ നിർമാണം നടന്നുവരുന്ന എന്‍.എസ്.എസ് കൺവെന്ഷന് സെന്ററിന്റെ പണികളും മരാമത്ത് ജോലികളും ഇതിലുള്‍പ്പെടുന്നു.
പ്രതികരിക്കാൻ സാമുദായിക സംഘടനകള്‍ക്കും അവകാശമുണ്ട് -ജി. സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി: സർക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ടെന്നും ഇത് കൃത്യമായി എൻ.എസ്.എസ് നിര്‍വഹിച്ചു പോന്നിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
പെരുന്നയിൽ നായര്‍ സര്‍വിസ് സൊസൈറ്റിയുടെ 108ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുക എന്നതും നല്ല കാര്യങ്ങളോട് സഹകരിക്കുക എന്നതും എന്‍.എസ്.എസിന്റെ പൊതുനയമാണ്. എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നാക്ക സംവരണത്തിന് അടിസ്ഥാനമാവേണ്ട സമഗ്രവും ശാസ്ത്രീയവുമായ സര്‍വേക്ക് സാമ്പിൾ സര്‍വേ ഒരിക്കലും പകരമാവില്ല. ഇത് മുന്നാക്ക സംവരണത്തിന് തിരിച്ചടിയാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ലെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.