സഹായിച്ചതും അഭയം തന്നതും എൻ.എസ്.എസ്- രമേശ് ചെന്നിത്തല
text_fieldsകോട്ടയം: തന്നെ സഹായിച്ചതും അഭയം തന്നതും എൻ.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മതനിരപേക്ഷതയുടെ ബ്രാന്‍ഡ് ആണ് എൻ.എസ്.എസ്. അത് ഉയര്‍ത്തിപ്പിടിക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നത്തിന്റെ കൈയിലുള്ള വടിയുടെ അദൃശ്യമായ ഒന്ന് സുകുമാരന്‍ നായരുടെ കൈയിലുമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കോളജ് പഠനകാലം മുതലാണ് എൻ.എസ്.എസുമായി ബന്ധപ്പെടുന്നത്. എസ്.എസ്.എൽ.സിക്ക് ഫസ്റ്റ് ക്ലാസിന് അഞ്ച് മാര്‍ക്ക് കുറവായിരുന്നു. അന്ന് വീടിനടുത്തുള്ള കോളജില്‍ ഉപരിപഠനത്തിന് അപേക്ഷ നല്‍കി. റാങ്ക് ലിസ്റ്റില്‍ താന്‍ അഞ്ചാമനായിരുന്നു. താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു.
ഈ കോളജില്‍ താന്‍ പഠിച്ചാല്‍ അവിടുത്തെ അന്തരീക്ഷം തകര്‍ക്കുമെന്ന് ആരോ ഊമക്കത്ത് അയച്ചു. തനിക്ക് കോളജില്‍ പ്രവേശനം നിഷേധിച്ചു. ഒടുവില്‍ അച്ഛന്‍ എന്നെയും കൂട്ടി എൻ.എസ്.എസ് കോളജിലെത്തി. അവിടെ പ്രവേശനത്തിനുള്ള അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിരുന്നു. എന്നിട്ടും അവര്‍ പ്രവേശനം തന്നു.
മന്നം ജയന്തി ഉദ്ഘാടനം ചെയ്യുകയെന്നത് തന്റെ ജീവിത്തിലെ സൗഭാഗ്യമായ കാര്യമാണ്. രാജിവ്ഗാന്ധി മുതല്‍ കെ. കരുണാകരന്‍ വരെയുള്ള ഉജ്ജ്വലങ്ങളായ നേതൃത്വം ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് അവസരം കിട്ടിയതില്‍ എൻ.എസ്.എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.