മിത്ത് വിവാദം: പ്രത്യക്ഷ പ്രക്ഷോഭത്തിനില്ലെന്ന് എൻ.എസ്.എസ്; ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് സുകുമാരൻ നായർ
text_fieldsചങ്ങനാശ്ശേരി (കോട്ടയം): സ്പീക്കറുടെ മിത്ത് വിവാദത്തിൽ പ്രത്യക്ഷ പ്രക്ഷോഭത്തിനില്ലെന്നും പ്രശ്നം വഷളാക്കരുതെന്നും നടപടി സ്വീകരിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ട് എൻ.എസ്.എസ്. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിന് നിയമപരമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. പെരുന്നയിലെ ആസ്ഥാനത്തുചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. ഹിന്ദു സംഘടനകളുമായി ചേർന്നുള്ള പ്രക്ഷോഭം ഉൾപ്പെടെ മുമ്പ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പ്രഖ്യാപനങ്ങളിൽ പലതിലും യോഗം തീരുമാനമെടുത്തില്ല.
സംഘ്പരിവാർ ശക്തികൾക്ക് നേട്ടം കൊയ്യുന്ന നിലയിലുള്ള തീരുമാനങ്ങൾ ഉണ്ടാകരുതെന്ന അഭിപ്രായം യോഗത്തിലുണ്ടായി. അതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തേയുള്ള പ്രഖ്യാപനങ്ങളിൽനിന്ന് എൻ.എസ്.എസ് പിന്നാക്കം പോയത്. വിഷയത്തിൽ പരസ്യ പ്രതിഷേധങ്ങളുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ സംഘടനക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ടെന്നാണ് വിവരം.
സ്പീക്കര്‍ ഷംസീറിന്റെ തെറ്റായ പരാമര്‍ശങ്ങളാണ് വിവാദത്തിന് ഇടയാക്കിയതെന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ ജനറൽ സെക്രട്ടറിയുടെ വാർത്തക്കുറിപ്പ് വ്യക്തമാക്കുന്നു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുംവിധം നടത്തിയ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം, അല്ലാത്തപക്ഷം സംസ്ഥാന സർക്കാർ സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് എന്‍.എസ്.എസ് ഉന്നയിച്ചത്.
വിഷയത്തിൽ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ട്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഉടനടി നടപടിയെടുക്കണം. അല്ലാത്തപക്ഷം വിശ്വാസ സംരക്ഷണത്തിന് നിയമപരമായ മാർഗങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.