ഷംസീറിനെതിരെ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്; ഇന്ന് വിശ്വാസ സംരക്ഷണ ദിനാചരണം
text_fieldsചങ്ങനാശ്ശേരി: സ്പീക്കർ എ.എൻ. ഷംസീറിന്റെ, ഹൈന്ദവ വിശ്വാസത്തിനെതിരായ വിവാദ പ്രസംഗത്തിൽ നിലപാട് കടുപ്പിച്ച് എൻ.എസ്.എസ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും. ഇതുസംബന്ധിച്ച സർക്കുലർ താലൂക്ക് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും എൻ.എസ്.എസ് അയച്ചിട്ടുണ്ട്.
ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സർക്കാർ നടപടിയെടുക്കണമെന്നും എൻ.എസ്.എസ് ആവശ്യപ്പെട്ടപ്പോൾ അതിനെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി ബുധനാഴ്ച എല്ലാ സമുദായാംഗങ്ങളും രാവിലെ ഗണപതി ക്ഷേത്രങ്ങളിൽ പോയി വഴിപാട് നടത്തണമെന്നും എന്നാൽ, പ്രകോപനപരവും മതവിദ്വേഷജനകവുമായ നടപടികളൊന്നും ഉണ്ടാകരുതെന്നും കത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഓർമപ്പെടുത്തുന്നു.
‘നമ്മുടെ ആരാധനാമൂർത്തിയായ ഗണപതി ഭഗവാനെ സംബന്ധിച്ച് സ്പീക്കർ നടത്തിയ പരാമർശം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എന്നത് കെട്ടുകഥയാണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള പരാമർശമാണ് അതിനിടയാക്കിയത്. പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അതിൽ സർക്കാറിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നും നമ്മൾ ആവശ്യപ്പെട്ടു.
എന്നാൽ, അതിനെ നിസ്സാരവത്കരിച്ചുള്ള ബന്ധപ്പെട്ടവരുടെ നിലപാടിൽ പ്രതിഷേധമുണ്ടെന്ന് കുറിപ്പിൽ പറയുന്നു. എറണാകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഷംസീറിന്റെ വിവാദ പ്രസംഗം. ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുന്നതിനിടെയാണ് ഹിന്ദു ദൈവങ്ങളെ പരാമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.