മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ്
text_fieldsകോട്ടയം: മുന്നാക്ക സംവരണത്തിന് ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യം വേണമെന്ന് എൻ.എസ്.എസ്. നീക്കിവെച്ച ഒഴിവുകളിലേക്ക് മുന്നാക്കക്കാരിൽനിന്ന് യോഗ്യരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ അത്തരം ഒഴിവുകൾ നികത്തപ്പെടാെത മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
3.1.2020 മുതൽ നടത്തിയ മുഴുവൻ നിയമനശുപാർശകളും നിയമനങ്ങളും പുനഃക്രമീകരിക്കണം. മുന്നാക്കക്കാർക്ക് ഇക്കാലയളവിൽ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ ലഭ്യമാക്കണം. മുന്നാക്ക ഒഴിവിൽ യോഗ്യരായ ഉദ്യോഗാർഥികളെ ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും പ്രത്യേകവിജ്ഞാപനം പുറപ്പെടുവിച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തണം. അങ്ങനെയുള്ള വിജ്ഞാപനങ്ങൾക്കു ശേഷവും ലഭ്യമാകാതെ വന്നാൽ പൊതുവിഭാഗത്തിൽ ഇടം നേടിയ മുന്നാക്ക ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നിയമനടേണ്‍ പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവും സുകുമാരൻ നായർ ഉന്നയിച്ചു. നിലവിൽ 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നിങ്ങനെയാണ് ടേൺ. ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞത് 9 ഒഴിവുകൾ ലഭിച്ചാൽ മാത്രമേ മുന്നാക്കക്കാർക്ക് സംവരണ നിയമനം ലഭിക്കൂ. അതിനാൽ ടേണുകള്‍ യഥാക്രമം 3,11,23,35,47,59,63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്നാണ് ആവശ്യം.
സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം മുന്നാക്ക സാമ്പത്തിക സംവരണം സാമൂഹ്യനീതിക്കും സംവരണത്തിൻെറ ഉദ്ദേശശുദ്ധിക്കും എതിരാണെന്ന വിമർശനം പരക്കെ ഉയരുന്നതിനിടെയാണ് എൻ.എസ്.എസ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.