ആണവനിലയ നിർമാണം; അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന
text_fieldsചാലക്കുടി: കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നതിന് അതിരപ്പിള്ളിയിൽ സ്ഥലം തേടുന്നതായി സൂചന. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ലെങ്കിലും കെ.എസ്.ഇ.ബി ഒരു മുഴം മുമ്പേ നീക്കമാരംഭിച്ചു. വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും വൻകിട ജലവൈദ്യുതി പദ്ധതികൾക്കെതിരെ ജനകീയ പ്രതിഷേധം രൂപംകൊള്ളുകയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ വൈദ്യുതി ഉൽപാദന മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആണവനിലയത്തിന് നീക്കം നടക്കുന്നത്. കെ.എസ്.ഇ.ബിയുടെ ആവശ്യപ്രകാരം നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസാണ് പഠനം നടത്തുന്നത്. ആണവനിലയത്തിനായി തീരദേശത്താണെങ്കില്‍ 625 ഹെക്ടറും മറ്റിടങ്ങളില്‍ 960 ഹെക്ടറുമാണ് ആവശ്യം. ഇതിനു പുറമെ ടൗണ്‍ഷിപ്പിനായി 125 ഹെക്ടര്‍ സ്ഥലംകൂടി വേണം.
അതിരപ്പിള്ളിയിലും ചീമേനിയിലുമാണ് ഇതിനായി സ്ഥലം കെ.എസ്.ഇ.ബി നിർദേശിച്ചിട്ടുള്ളതെന്നറിയുന്നു. അതിരപ്പിള്ളിയിൽ നേരത്തേ പുതിയ ജലവൈദ്യുതി പദ്ധതിക്കായുള്ള നീക്കം അവസാനഘട്ടം വരെ എത്തിയിരുന്നു. എന്നാൽ, വെള്ളച്ചാട്ടം ഇല്ലാതാവുമെന്ന ആശങ്കയെ തുടർന്ന് പ്രതിഷേധമുയർന്നതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കണ്ണംകുഴിയിൽ ഇതിനായി ഓഫിസ് തുറക്കുകയും കാട്ടിൽ മുറിക്കേണ്ട മരങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സ്ഥലത്ത് ആണവനിലയം സ്ഥാപിക്കാനാവുമോയെന്നാണ് പരിശോധിക്കുക. ആറുമാസത്തിനകം ഇതുസംബന്ധിച്ച പഠനം പൂര്‍ത്തിയാക്കും.
എന്നാൽ, ഔദ്യോഗിക പഠനത്തിനായി ഇതുവരെ ആരും എത്തിയിട്ടില്ല. കേന്ദ്ര സബ്സിഡിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 7000 കോടിയാണ് പദ്ധതി ചെലവ്. 220 മെഗാവാട്ടിന്റെ രണ്ടു പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെങ്കിൽ സര്‍ക്കാര്‍ നയപരമായി തീരുമാനമെടുക്കണം. വിഷയം ഇടതുമുന്നണിയില്‍ ഘടകകക്ഷികളുമായി ചർച്ചചെയ്യണം. ആണവനിലയം സംബന്ധിച്ച് എതിർപ്പുയരുന്നതിനാൽ കെ.എസ്.ഇ.ബിയുടെ നീക്കം എത്രത്തോളം മുന്നോട്ടുപോകുമെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.