സ്റ്റേഷനിൽ നഗ്നത പ്രദർശനവും വിസർജ്യമേറും; ഒരു പകൽ യുവാവിനെ കൊണ്ട് പൊറുതിമുട്ടി പൊലീസുകാർ
text_fieldsനേമം (തിരുവനന്തപുരം): വീട് അടിച്ചു തകർത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ പരാക്രമം കാട്ടി. നഗ്നത പ്രദർശനത്തിനൊപ്പം വിസർജ്യമേറും കൂടി ആയപ്പോൾ ഒരു പകൽ മുഴുവൻ സ്റ്റേഷനിലെ പൊലീസുകാർ വീർപ്പുമുട്ടി. നേമം സ്റ്റേഷൻ പരിധിയിൽ ശിവൻകോവിൽ റോഡിന് സമീപം താമസിക്കുന്ന ഷാനവാസ് (23) ആണ് അതിക്രമം കാട്ടിയത്.
വ്യാഴാഴ്ച രാത്രിയാണ് പൊറ്റവിള ഭാഗത്ത് ഒരു വീട്ടിലെ ഉപകരണങ്ങൾ അടിച്ചുതകർത്തതുമായി ബന്ധപ്പെട്ട് നേമം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതു വരെ പ്രതി ശാന്തനായിരുന്നു. ഇയാളെ സെല്ലിനുള്ളിൽ അടച്ചതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
സെല്ലിനുള്ളിൽ പൂർണ വിവസ്ത്രനായ ഇയാൾ ഇതിനുള്ളിലെ ശുചിമുറി അടിച്ചുതകർക്കാൻ തുടങ്ങി. അസഭ്യം പറയാൻ തുടങ്ങിയതോടെ പൊലീസുകാർ അടുക്കാതെയായി. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇയാളെ സെല്ലിന് പുറത്തിറക്കാൻ നോക്കിയെങ്കിലും മലമൂത്രവിസർജനം നടത്തിയ ശേഷം അഴിക്കുള്ളിലും പൂട്ടിലും ഇതുതേച്ചു. പ്രതി നേരത്തെ ആവശ്യപ്പെട്ടതുപ്രകാരം ഒരു ദിനപ്പത്രം ഇയാൾക്ക് നൽകിയിരുന്നു.
ഇതിനുള്ളിൽ മലമൂത്രവിസർജനം നടത്തിയശേഷം പൊലീസുകാർക്ക് നേരെ എറിഞ്ഞു. രാവിലെ എട്ടിന് തുടങ്ങിയ അതിക്രമം വൈകുന്നേരമായിട്ടും അവസാനിച്ചിരുന്നില്ല. പൊലീസ് സ്റ്റേഷനും പരിസരവും ദുർഗന്ധപൂരിതമായതോടെ പൊലീസുകാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. ഇതിനിടെ പ്രതി സെല്ലിനുള്ളിൽ നിന്നുകൊണ്ട് ധരിച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ അഴിച്ചുമാറ്റിയ ശേഷം വലിച്ചെറിഞ്ഞു.
മണിക്കൂറുകൾ എങ്ങനെയെങ്കിലും അവസാനിച്ചെങ്കിൽ എന്ന പ്രാർത്ഥനയിലായിരുന്നു പൊലീസുകാർ. യാതൊരു വസ്ത്രവുമില്ലാതെ സെല്ലിനുള്ളിൽ നിന്ന പ്രതിയെ ഒടുവിൽ പൊലീസുകാർ മുൻകൈയെടുത്ത് നിർബന്ധിച്ച് വസ്ത്രം ധരിപ്പിച്ചു. വെള്ളിയാഴ്ച വൈകി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാനവാസിനെതിരെ മുമ്പും ക്രിമിനൽ കേസ് ഉണ്ടായിരുന്നുവെന്നും ഇയാൾ കഞ്ചാവിന് അടിമയാണെന്നും നേമം പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.