വനിത ഡോക്ടർക്കുനേരെ നഗ്നത പ്രദർശനം; കേസെടുത്തു
text_fieldsപത്തനംതിട്ട: ഇ-സഞ്ജീവിനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരിശോധനക്കിടെ രോഗിയെന്ന വ്യാജേന യുവാവ് വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതായി പരാതി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനിവഴി ചികിത്സിക്കുന്നതിനിടെയാണ് സംഭവം. വനിത ഡോക്ടറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇ-സഞ്ജീവനിയിലെ രജിസ്ട്രേഷൻ പരിശോധിച്ചപ്പോൾ തൃശൂർ സ്വദേശിയായ യുവാവിന്‍റെ വിവരങ്ങളും മൊബൈൽ നമ്പറും ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ വ്യക്തതക്കായി അന്വേഷണം നടക്കുന്നതായും ആറന്മുള പൊലീസ് അറിയിച്ചു. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് നഗ്നത പ്രദര്‍ശനം നടത്തിയത്.
ഇ സഞ്ജീവനി ടെലി മെഡിസിന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ വർഷവും ഇ-സഞ്ജീവനി പോർട്ടൽ വഴി ഡോക്ടർമാർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച കേസിൽ മറ്റൊരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശൂർ മണലൂർ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം കരിപ്പയിൽ വീട്ടിൽ സഞ്ജയ് കെ ആർ (25) ആണ് അന്ന് അറസ്റ്റിലായത്.
ഇയാൾ ഡോക്ടറോട് അശ്ലീല സംഭാഷണങ്ങൾ നടത്തുകയും നഗ്നത പ്രദർശിപ്പിക്കുകയുമായിരുന്നു. രോഗിയാണന്ന വ്യാജേന ഇ-സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടറോടായിരുന്നു അപമര്യാദയായ പെരുമാറ്റം. വനിതാ ഡോക്ടർമാർക്ക് സ്ഥിരം ശല്യമായതിനെ തുടർന്ന് വിവിധ ജില്ലകളിൽ നിന്നും പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.