ഫയലുകളിൽ അള്ളിപ്പിടിച്ച് പഞ്ചായത്തുകൾ
text_fieldsതൊടുപുഴ: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളുടെ എണ്ണം വർധിക്കുന്നു. പലതവണ ഫയൽ അദാലത്തും തീവ്രയജ്ഞ പരിപാടികളും സംഘടിപ്പിച്ചിട്ടും ഫയലുകളിൽ പരിഹാരം നീളുകയാണ്. ഈമാസം ഒന്ന് വരെയുള്ള കണക്ക് പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ മാത്രം 2,91,292 ഫയലാണ് തീർപ്പാകാതെ കിടക്കുന്നത്.
പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്ക് മാത്രമേ തദ്ദേശ വകുപ്പ് ശേഖരിച്ചിട്ടുള്ളൂ. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, കോർപറേഷനുകളിൽ ഫയലുകളുടെ കണക്കെടുപ്പ് നടന്നുവരുകയാണ്. കെട്ടിട നിർമാണാനുമതി, കെട്ടിടത്തിന് നമ്പറിടൽ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവാഹ-ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ, മറ്റ് ഓഫിസുകളിലേക്ക് അയക്കേണ്ട റിപ്പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് തീർപ്പാകാനുള്ള ഫയലുകളിൽ കൂടുതലും. എറണാകുളം ജില്ലയിലെ പഞ്ചായത്തുകളിലാണ് കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്: 39,616 എണ്ണം. കുറവ് കൊല്ലം ജില്ലയിലാണ്: 6,799.
ഗ്രാമപഞ്ചായത്തുകളിലെ ഫയലുകൾ തീർപ്പാക്കാൻ ജില്ലകളിൽ അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവും നടത്തി. എന്നാൽ, ഇത്തരം നടപടികളൊന്നും പ്രതീക്ഷിച്ച ഫലം ചെയ്തില്ലെന്നാണ് ഫയൽ കൂമ്പാരം തെളിയിക്കുന്നത്.
ഓരോ ഫയലും ഒരു ജീവിതമാണെന്ന് രണ്ടുതവണ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഫയലുകൾ തീർപ്പാക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളിലെ കാര്യശേഷി കേരളത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കെട്ടിട നിർമാണ ചട്ടങ്ങളുടെ ലംഘനം, നടപടിക്രമങ്ങൾ പൂർത്തിയാകാത്തത്, അപേക്ഷകളിലെ ന്യൂനത തുടങ്ങിയ കാരണങ്ങളാലാണ് ഫയലുകളിൽ തീർപ്പ് വൈകുന്നതെന്നും അദാലത്തുകൾ വഴി പരിഹാരം കാണാൻ ശ്രമം തുടരുകയാണെന്നുമാണ് തദ്ദേശ വകുപ്പ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.