കരിപ്പൂരിൽ കോവിഡ് പരിശോധനയിൽ യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു
text_fieldsകോഴിക്കോട് : ദുബൈ യാത്രക്കാർക്ക് കോവിഡ് പരിശോധനയിൽ സ്വകാര്യ ലാബിലും, വിമാനത്താവളത്തിലെ ലാബിലും വ്യത്യസ്തഫലം വരുന്ന സാഹചര്യത്തിൽ യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു.
സ്വകാര്യ ലാബിൽ നിന്ന് പരിശോധന നടത്തി നെഗറ്റിവ് ഫലം ലഭിച്ചു വരുന്നവർ വിമാനത്താവളത്തിൽ പരിശോധിക്കുമ്പോൾ പോസിറ്റിവാകുന്നത് പതിവായിട്ടുണ്ട്. ഓരോ വിമാനത്തിലും പത്തിലധികം പേർക്ക് ഇങ്ങനെ യാത്ര മുടങ്ങുന്നതായാണ് പരാതി. ഇതേ യാത്രക്കാർ നെടുമ്പാശേരി വഴി തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുന്നുമുണ്ട്.
കുടുംബമായി യാത്ര പുറപ്പെടുന്നവർക്ക് കൂട്ടത്തിലാർക്കെങ്കിലും പോസിറ്റിവ് ആയാൽ എല്ലാവർക്കും യാത്രമുടങ്ങുന്ന അവസ്ഥയാണ്. യു.എ.ഇയിലേക്ക് പുറപ്പെടുന്നവർക്കാണ് വിമാനത്താവളത്തിൽ പരിശോധന നടത്തണമെന്ന നിബന്ധന. നിരവധി ദുബൈ യാത്രക്കാർ ഇതുകാരണം പ്രയാസപ്പെടുന്നു.
യാത്രയുടെ 72 മണിക്കൂർ മുമ്പ് എടുത്ത ആർ.ടി.പി.സി.ആർ പരിശോധനഫലവുമായാണ് യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നത്. വിമാനത്താവളത്തിൽ 1500 രൂപ അടച്ച് വീണ്ടും പരിശോധന നടത്തണം. അപ്പോഴാണ് പോസിറ്റിവ് ആണെന്ന് ഫലം ലഭിക്കുന്നത്. വിമാനക്കമ്പനികൾ ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നില്ല.
മറ്റൊരു ദിവസം യാത്ര ചെയ്യാനുള്ള സൗകര്യമാണ് നൽകുന്നത്. മറ്റു വിമാനത്താവളങ്ങളിൽ ഒന്നുമില്ലാത്ത ബുദ്ധിമുട്ടും പീഡനങ്ങളുമാണ് കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാർ നേരിടുന്നത് എന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോ. എ.വി. അനൂപ്, പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഇങ്ങനെ യാത്ര മുടങ്ങുന്നവരെ സഹായിക്കാൻ വിമാനത്താവളത്തിൽ അടിയന്തരമായി ഹെൽപ് ഡെസ്ക് സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതിനിടെ വെള്ളിയാഴ്ച കോഴിക്കോട്ടെ സ്വകാര്യലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ച യാത്രക്കാരിക്ക് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവ് ആയി. യാത്ര മുടങ്ങിയ യുവതി ഞായറാഴ്ച കോഴിക്കോട്ടെ മറ്റൊരു ലാബിൽ പരിശോധിച്ചപ്പോൾ ഇവർക്ക് നെഗറ്റിവ് ഫലമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.