ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നുപോകും?
text_fieldsമാലാഖമാർക്കിടയിലെ തിളങ്ങളുന്ന നക്ഷത്രം പൊലിഞ്ഞിട്ട് രണ്ട് വർഷം. കോവിഡിനെതിരെ ലോകമൊന്നടങ്കം പോരാടുേമ്പാൾ അതിലെ മുന്നണിപോരാളികളാണ് നഴ്സുമാർ. സ്വന്തം ജീവൻപോലും പണയപ്പെടുത്തിയാണ് അവർ മറ്റുള്ളവരുടെ പ്രാണൻ രക്ഷിക്കാൻ കിടഞ്ഞുപരിശ്രമിക്കുന്നത്. ഈ പോരാട്ടത്തിനിടക്ക് സ്വന്തം ജീവൻ ബലിയർപ്പിച്ചവർ നിരവധി.
ഇതുപോലെയൊരു ദുരന്തകാലത്താണ് ലിനിയെ കേരളത്തിന് നഷ്ടമാകുന്നത്. മാരകമായ നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താൻ പരിചരിച്ച രോഗിയിൽനിന്ന് പകർന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. 2018 മെയ് 21നായിരുന്നു അവർ ഈ ലോകത്തോട് വിടപറഞ്ഞത്.
അവരുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ ‘ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നുപോകും’ എന്ന കുറിപ്പ് പങ്കുവെക്കുകയാണ്. ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണെന്നും മുഖ്യമന്ത്രി പറയുന്നു.
സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചറും ലിനിയെ അനുസ്മരിച്ചു. ‘പ്രിയ ലിനിക്ക് ആദരാഞ്ജലികൾ.. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്. ആത്മധൈര്യത്തോടെ പറയാൻ കഴിയും, കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യും - മന്ത്രി ഷൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
ലിനിയെ ഓർക്കാതെ ഈ കാലം എങ്ങനെ കടന്നുപോകും? ആ ജീവിതം മറ്റുള്ളവർക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റർ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷം തികയുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറി.
കോവിഡ് - 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓർമ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് ഈ പോരാട്ടത്തിൽ കേരളത്തിൻെറ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിൻെറ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.
രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവർത്തകർ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നൽകുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ലിനിയുടെ ഓർമകൾ നമുക്ക് കരുത്തേകും.
പിണറായി വിജയൻ
മുഖ്യമന്ത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.