ജർമനിയിലേക്ക് നഴ്സ് റിക്രൂട്ട്മെന്‍റ് നടപടി അന്തിമഘട്ടത്തിൽ -പി. ശ്രീരാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയുമായി ഒപ്പുവെച്ച ട്രിപ്ൾ വിൻ പ്രോഗ്രാം വഴിയുള്ള നഴ്സ് റിക്രൂട്ട്മെന്‍റ് നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെന്ന് നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 13000 ത്തോളം അപേക്ഷകരിൽനിന്ന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ നൂറോളം പേരുടെ ഇൻറർവ്യൂ ആരംഭിച്ചു. ജർമനിയിൽനിന്നുള്ള എട്ടംഗ സംഘം തലസ്ഥാനത്ത് ക്യാമ്പ് ചെയ്ത് നടത്തുന്ന ഇന്‍റർവ്യൂ 13ന് അവസാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാർക്ക് തിരുവനന്തപുരത്ത് ജർമൻ ഭാഷയിൽ ബി 1 ലെവൽ വരെ സൗജന്യ പരിശീലനം നൽകിയശേഷമായിരിക്കും ജർമനിയിലേക്ക് കൊണ്ടുപോകുക.
ജർമനിയിലെത്തിയശേഷവും ആവശ്യമായ ഭാഷാപരിശീലനവും രജിസ്ട്രേഷൻ നേടാനുള്ള പരിശീലനവും സൗജന്യമായി നൽകും. ജർമൻ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്‍റിന് വാക്-ഇൻ ഇന്‍റർവ്യൂവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ബി1, ബി 2 ലെവൽ സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർഥികളെയാണ് ഇതിന് പരിഗണിക്കുന്നത്.ഇന്ത്യയില്‍നിന്ന് ജര്‍മനിയിലേക്കുള്ള ആദ്യ ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് കരാറാണ് ട്രിപ്ള്‍ വിന്നിലൂടെ യാഥാര്‍ഥ്യമായത്. കേരളത്തിന്റെ അക്കാദമിക നിലവാരം പരിശോധിക്കാനും ജര്‍മനിയിലെ കരിക്കുലം, തൊഴില്‍ നിയമങ്ങള്‍ പരിചയപ്പെടുത്താനും ജര്‍മന്‍ ഉദ്യോഗസ്ഥരും കേരളത്തിലെ വിദഗ്ധരും ഒത്തുചേര്‍ന്ന് സംഘടിപ്പിച്ച ഇന്തോ-ജര്‍മന്‍ മൈഗ്രേഷന്‍ ഉന്നതതല ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുള്ള തുടര്‍ നടപടികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുൻകൈയെടുക്കുമെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.