നഴ്സ് പണിമുടക്ക് മാറ്റി; പ്രക്ഷോഭം തുടരും
text_fieldsതൃശൂര്‍: സ്വകാര്യ ആശുപത്രികളിെല നഴ്സുമാർ തിങ്കളാഴ്ച തുടങ്ങാനിരുന്ന പണിമുടക്ക് നീട്ടിവെച്ചു. 19ന് ഹൈകോടതി മീഡിയേഷൻ നടക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്ചാത്തലത്തിലുമാണ് പണിമുടക്ക് നീട്ടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം, സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭം തുടരാൻ തൃശൂരിൽ ചേർന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷന് അടിയന്തര സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി പ്രസിഡൻറ് ജാസ്മിൻഷാ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മധ്യസ്ഥ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 17ന് സമരം തുടങ്ങരുതെന്ന് ഹൈകോടതി ഉത്തരിവിട്ടിരുന്നു. ഒത്തുതീര്‍പ്പിന് മൂന്നുദിവസത്തെ സമയം വേണമെന്ന് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസും നിർദേശിച്ചു. മധ്യസ്ഥ ചര്‍ച്ചയിലും മാനേജ്മെൻറ് മര്‍ക്കടമുഷ്ടി തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. നേരേത്ത നിശ്ചയിച്ച പ്രകാരം 21 മുതല്‍ സെക്രട്ടേറിയറ്റിന് ചുറ്റും അനിശ്ചിതകാല ഉപരോധം തുടങ്ങും.
നഴ്സുമാരുടെ വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചത് അസോസിയേഷന് സ്വാഗതം ചെയ്തു. നഴ്സിങ് മേഖലയിലെ പ്രശ്നങ്ങളുടെ കാതലായ വശങ്ങൾ ഉള്ളടക്കം ചെയ്ത കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന് വെള്ളിയാഴ്ച യു.എന്‍.എ കൈമാറി. യോഗത്തിൽ ജാസ്മിന്‍ഷാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി. സുധീപ്, രക്ഷാധികാരി വത്സന് രാമംകുളത്ത്, ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍, വൈസ് പ്രസിഡൻറുമാരായ ഷോബി ജോസഫ്, സുജനപാല്‍ അച്യുതന്, ജോ. സെക്രട്ടറി രശ്മി പരമേശ്വരന്, ബെല്‍ജോ ഏലിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.