നഴ്സുമാരുടെ മിനിമം വേതനം: ചർച്ച പരാജയം
text_fieldsകൊച്ചി: നഴ്സുമാരുൾപ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കാൻ ഹൈകോടതി പ്രതിനിധികളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം. ബുധനാഴ്ച എറണാകുളം െഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെൻറ് അസോസിയേഷനും നിലപാടിൽ ഉറച്ചുനിന്നു. ഹൈകോടതി സ്റ്റേ ചെയ്ത കരട് വിജ്ഞാപനത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നഴ്സുമാരുടെ പ്രതിനിധികൾ അറിയിച്ചു.
ശമ്പള വര്‍ധന അട്ടിമറിക്കാനാണ് ആശുപത്രി മാനേജ്മെൻറുകള്‍ ശ്രമിക്കുന്നതെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ), ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (െഎ.എൻ.എ) ഭാരവാഹികൾ ആരോപിച്ചു. നഴ്‌സുമാരുടെ മിനിമം വേതനം നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുന്നതിനെതിരെ ആശുപത്രി മാനേജ്മെൻറുകൾ ഹൈകോടതിയില്‍നിന്ന് സമ്പാദിച്ച സ്റ്റേ നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ ഏപ്രില്‍ 15ന്പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനാണ് തീരുമാനം. 20നുശേഷം അനിശ്ചിതകാല സമരമടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും യു.എൻ.എ പ്രസിഡൻറ് ജാസ്മിൻ ഷാ പറഞ്ഞു.
ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദേശിച്ച ശമ്പള വർധന നടപ്പാക്കുന്നതിൽ വിരോധമില്ലെന്ന് ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കി സര്‍ക്കാർ ന്യായമായ ശമ്പളവര്‍ധന നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. എന്നാല്‍, വിട്ടുവീഴ്ചക്ക് തയാറായി എന്ന് അവകാശപ്പെടുന്ന മാനേജ്മെൻറ് പ്രതിനിധികൾ 30 ശതമാനത്തില്‍ കൂടുതല്‍ വര്‍ധന നടപ്പാക്കില്ലെന്നാണ് ചർച്ചയിൽ വ്യക്തമാക്കിയതെന്ന് െഎ.എൻ.എ പ്രസിഡൻറ് മുഹമ്മദ് ഷിഹാബ് പറഞ്ഞു. മേയ് 12 മുതല്‍ അനിശ്ചിതകാല സമരമടക്കം തീരുമാനങ്ങളുമായി ഐ.എന്‍.എ മുന്നോട്ടുപോകും. അന്തിമ വിജ്ഞാപനം വരും മുമ്പ് കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയത് ശരിയായില്ലെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. മോഹന്‍ദാസ് പറഞ്ഞു.
ചര്‍ച്ചയില്‍ ലേബര്‍ കമീഷണര്‍ എ. അലക്‌സാണ്ടര്‍, മിനിമം വേജസ് അഡ്വൈസറി ബോര്‍ഡ് അംഗം വിനോദ്, ഹൈകോടതി പ്രതിനിധികളായി പി. ബാബുകുമാര്‍, എ.ആര്‍. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെൻറ് അസോസിയേഷന്‍, ഐ.എം.എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.