സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നു
text_fieldsകണ്ണൂര്‍: ഒഴിവുകളുടെ 10 ശതമാനം പോലും നികത്താതെ ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ് നിയമനത്തിനായി 14 ജില്ലകളിലും പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം അവസാനിക്കുന്നു. കാബിനറ്റ് ശിപാര്‍ശ ലഭിക്കാത്തതിനാല്‍ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാനാവില്ളെന്ന് പി.എസ്.സി ഉദ്യാഗാര്‍ഥികളെ അറിയിച്ചു.
2010 ജൂലൈ 30നാണ് എല്ലാ ജില്ലകളിലും സ്റ്റാഫ് നഴ്സ് നിയമനത്തിനായി പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. 50,000ത്തോളം പേരാണ് അപേക്ഷിച്ചത്. 2013 അവസാനത്തോടെ ജംബോ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനു മുമ്പുണ്ടായിരുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം നിയമനം നല്‍കേണ്ടി വന്നതിനെ തുടര്‍ന്നാണ് വലിയ പട്ടിക തയാറാക്കിയത്.
എന്നാല്‍, പുതിയ ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ പല ജില്ലകളില്‍ പതുക്കെയാണ് നടന്നത്. ആരോഗ്യ വകുപ്പിലെ റേഷ്യോ പ്രമോഷന്‍ സംബന്ധിച്ച് സര്‍ക്കാറും ആരോഗ്യ വകുപ്പ് ഡയറക്ടറും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ വരെ അന്തര്‍ജില്ല സ്ഥലംമാറ്റങ്ങള്‍ നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. എറണാകുളം ജില്ലയില്‍ മാത്രം ഇതുവഴി 200ഓളം ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം നഷ്ടമായത്.
പല കാരണങ്ങളാല്‍ ലിസ്റ്റില്‍നിന്നും കാര്യമായ നിയമനം നടക്കാത്തതിനാല്‍ കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും പട്ടിക നീട്ടുന്നതിന് അനുകൂലമായ തീരുമാനമുണ്ടായില്ല.
ആരോഗ്യ വകുപ്പില്‍ ഹെഡ് നഴ്സ് മുതല്‍ ജില്ല നഴ്സിങ് ഓഫിസര്‍ വരെ വിവിധ തസ്തികകളിലേക്ക് പ്രമോഷന്‍ നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. ജനുവരി അവസാനത്തോടെ പ്രമോഷനുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്റ്റാഫ് നഴ്സ് കേഡറില്‍ മുന്നൂറോളം ഒഴിവുകളാണുണ്ടാവുക. നിലവിലുള്ള ലിസ്റ്റ് കാലഹരണപ്പെട്ടാല്‍ ഈ ഒഴിവുകള്‍ നികത്തുന്നതിന് പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കേണ്ടിവരും.
പുതിയ ലിസ്റ്റിനുള്ള വിജ്ഞാപനം പോലും പുറപ്പെടുവിക്കാത്തതിനാല്‍ ഏറ്റവും ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും കഴിഞ്ഞു മാത്രമേ പുതിയ നിയമനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. റാങ്ക്ലിസ്റ്റിന്‍െറ കാലാവധി ആറുമാസമെങ്കിലും നീട്ടുകയാണെങ്കില്‍ പുതിയതായി സൃഷ്ടിക്കപ്പെടുന്ന 700 തസ്തികകളടക്കം ആയിരത്തോളം നിയമനങ്ങള്‍ നടത്താനാവുമെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.