എവിടെപ്പോകുന്നു ഭൂമിയിലെ മാലാഖമാർ?
text_fieldsകൊച്ചി: കേരളത്തിൽ നഴ്സിങ് സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുമ്പോഴും നഴ്സിങ് ജോലി ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. പഠനശേഷം കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നവരും വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നവരും കുറയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിൽനിന്നുള്ള നഴ്സ്, ആയ എന്നിവരുടെ കുടിയേറ്റത്തെക്കുറിച്ച് കഴിഞ്ഞവർഷം അവസാനം പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരം.
ഒരു ദശാബ്ദത്തിനിടെ കേരളത്തിലെ നഴ്സിങ് പഠനരംഗത്ത് പ്രഫഷനലായ മാറ്റമാണുണ്ടായത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ റിപ്പോർട്ട് പ്രകാരം 2005ൽ നഴ്സിങ് പഠനത്തിന് 124 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. 2012ൽ അത് 483 ആയി. 2016ൽ 511 സ്ഥാപനങ്ങളായി. ജനറൽ നഴ്സിങ്, മിഡ് വൈഫറി കോഴ്സിന് ആവശ്യക്കാർ കുറയുകയും ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രിയം കൂടുകയും ചെയ്തു.
2016ൽ എല്ലാത്തരം നഴ്സിങ് സ്ഥാപനങ്ങളിലുമായി 17,600 സീറ്റുകളുണ്ടായിരുന്നു. 10 ശതമാനം പൊതുമേഖല സ്ഥാപനങ്ങളിലായിരുന്നു. എന്നാൽ, കോഴ്സ് കഴിഞ്ഞ് കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 9,766 മാത്രമാണ്. സീറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 7,834 പേരുടെ കുറവാണുള്ളത്. പഠനം ഇടക്കുനിർത്തുക, സീറ്റുകളിൽ വിദ്യാർഥികൾ തികയാതെ സ്ഥാപനങ്ങൾ അധ്യയനം നടത്തുക, കേരളത്തിൽ പഠിച്ചശേഷം ഇവിടെ രജിസ്റ്റർ ചെയ്യാതിരിക്കുക എന്നിങ്ങനെയാണ് കാരണമായി പറയപ്പെടുന്നത്.
വിദേശത്തേക്കു പോകുന്ന നഴ്സുമാരുടെ എണ്ണവും കുറഞ്ഞു. 2011ൽ 30,038, 2013ൽ 26,138, 2016ൽ 20,622 എന്നിങ്ങനെയാണ് കണക്ക്. 2011ലെ 32.8 ശതമാനത്തിൽനിന്ന് 2016ൽ 23.2 ശതമാനമായാണ് കുറഞ്ഞത്. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ നഴ്സുമാരുള്ളത്, 57 ശതമാനം. ഇതിൽ സൗദി അറേബ്യയിലാണ് കൂടുതൽ. എന്നാൽ, സൗദിയിലേക്കു പോകുന്നവർ 2011ൽ 32 ശതമാനമായിരുന്നെങ്കിൽ 2016ൽ 22 ശതമാനമായി. യു.എസ്.എ, യു.കെ, ആസ്ട്രേലിയ, അയർലൻഡ് എന്നിവിടങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. അതേസമയം കാനഡയിലേക്ക് പോകുന്നവർ 3.3 ശതമാനത്തിൽനിന്ന് 5.5 ശതമാനമായി വർധിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തിെൻറ പ്രതിഫലനം, സ്വദേശിവത്കരണം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് നഴ്സുമാരെ അകറ്റുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2011ൽ 6,564, 2013ൽ 7,662, 2016ൽ 3,862 എന്നിങ്ങനെയാണ് കണക്കുകൾ. 57.2 ശതമാനവുമായി ഡൽഹിയാണ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.