ശമ്പളപരിഷ്കരണ വിജ്ഞാപനം മാർച്ച് 31ന് മുമ്പ്; സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്ക് പിൻവലിച്ചു
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുൾപ്പെടെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച വിജ്ഞാപനം മാര്‍ച്ച് 31ന് മുമ്പ് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഈ സാഹചര്യത്തില്‍ ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന അവധിയെടുത്തുള്ള പ്രതിഷേധം മാറ്റിെവച്ചതായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എൻ.എ) ഭാരവാഹികള്‍ അറിയിച്ചു.
ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നടക്കുന്ന സമരം തുടരും. ചൊവ്വാഴ്ച ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിെൻറ കരട് വിജ്ഞാപനം 2017 നവംബര്‍ 16നാണ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മിനിമം വേജസ് കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേര്‍ന്ന് വേതനപരിഷ്‌കരണം സംബന്ധിച്ച അന്തിമവിജ്ഞാപനത്തിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പ്രതിമാസ മിനിമം വേതനം 20,000 രൂപ ഉറപ്പുവരുത്തിയാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത്.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടന പ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തേ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വേതനപരിഷ്‌കരണം തീരുമാനിച്ചത്. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ പ്രതിഷേധപരിപാടികള്‍ ആലോചിച്ചിരുന്നത്. പണിമുടക്കുന്നതിന് ഹൈകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്ന് സംസ്ഥാനത്തെ 457 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ യു.എൻ.എ നേതൃത്വത്തില്‍ തീരുമാനിക്കുകയായിരുന്നു.
യോഗത്തില്‍ മന്ത്രി കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആൻറണി, തൊഴില്‍വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ലേബര്‍ കമീഷണര്‍ എ. അലക്‌സാണ്ടര്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.