നഴ്സുമാരെ സമരത്തിലേക്ക് തള്ളിവിട്ടത് വാഗ്ദാന ലംഘനം
text_fieldsകേരളത്തിലെ നഴ്സുമാർ സംഘടിതരായി അവകാശങ്ങൾ നേടിയെടുക്കാൻ തുടങ്ങിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. പ്രവൃത്തി പരിചയത്തിനുേവണ്ടി ആദ്യകാലങ്ങളിൽ സൗജന്യ സേവനം അനുഷ്ഠിച്ചിരുന്ന നഴ്സുമാർ ഇന്ന് മിനിമം വേതനം ലഭിക്കുന്നവരാണ്. എന്നാൽ, കാലത്തിനും ജീവിതസാഹചര്യത്തിനും അനുസരിച്ച് ജീവിക്കാനുള്ള മിനിമം വേതനം ലഭിക്കണം. അതാണ് ഇപ്പോൾ അവരുടെ ആവശ്യം.
ബലരാമൻ റിപ്പോർട്ട് മുതൽ സുപ്രീംകോടതി ഉത്തരവ് വരെ
നഴ്സുമാരുടെ ന്യായമായ ആവശ്യത്തെ പണാധിപത്യവും മസിൽപവറുംകൊണ്ട് കാലാകാലങ്ങളിൽ മാനേജ്മെൻറുകൾ അട്ടിമറിക്കുകയാണ് ചെയ്തുവന്നത്. ഇതിെൻറ പ്രകടമായ ഉദാഹരണമാണ് ഡോ. ബലരാമൻ കമീഷൻ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടത്. നഴ്സുമാരുടെ ശമ്പളപരിഷ്കരണം ഉൾപ്പെടെ ആവശ്യങ്ങൾ മുേന്നാട്ടുവെച്ച റിപ്പോർട്ടാണിത്.
ഏറ്റവും ഒടുവിൽ സുപ്രീംകോടതി ഉത്തരവ് (നമ്പര്‍ W.P.(C) 521/2011) പ്രകാരമുള്ള നിര്‍ദേശങ്ങള്‍ വന്നിട്ടും, അത് നടപ്പാക്കാനുള്ള തെളിവെടുപ്പുകളെല്ലാം പൂര്‍ത്തിയായിട്ടും സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ കടുത്ത നിരാശയുണ്ട്. ഇൗ സാഹചര്യത്തിലാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും (െഎ.എൻ.എ) യുനൈറ്റഡ് നഴ്സസ് അസോസിയേഷനും (യു.എൻ.എ) സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ മാർച്ചുകൾ നടത്തുകയും മുഖ്യമന്ത്രിയെ കണ്ട് െഎ.എൻ.എ നിവേദനം നൽകുകയും ചെയ്തത്. അടുത്ത മിനിമം വേതനം പുതുക്കൽ യോഗത്തിൽ വിഷയം ഉന്നയിക്കുകയും എത്രയും വേഗം നടപ്പാക്കുകയും ചെയ്യാമെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചിരുന്നു.
വഴിപാടായ ചർച്ചകൾ
എന്നാൽ, ചർച്ചകൾ പലതവണ നടന്നെങ്കിലും സ്വീകാര്യമായ മിനിമം വേതനം നിശ്ചയിച്ചുനൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. പലതവണ സര്‍ക്കാര്‍ നല്കിയ ഉറപ്പുകൾ കേട്ട് അര്‍ഹമായ ശമ്പളവും ജോലിസാഹചര്യങ്ങളും ഉടനെ ഉറപ്പാകുന്നത് സ്വപ്നംകണ്ട് കാത്തിരിക്കുന്ന നഴ്സുമാര്‍ക്ക് കടുത്ത നിരാശയുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മറ്റു നടപടികളെല്ലാം പൂര്‍ത്തിയായി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ആവശ്യമായ നടപടികള്‍ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായില്ല. െഎ.എൻ.എ ജൂണ്‍ 20ന് പ്രതിഷേധസമരം ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും 27ലെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പുനല്കിയതിനാല് സമരം മാറ്റിവെക്കുകയായിരുന്നു.
എന്നാൽ, പതിവുപോലെ ആ ചര്‍ച്ചയിലും തീരുമാനമുണ്ടായില്ല. ഇതേതുടർന്ന് ജൂണ്‍ 28ന് െഎ.എൻ.എ സെക്രട്ടറി മുഹമ്മദ് ശിഹാബ് സെക്രേട്ടറിയറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങുകയും 29 മുതല്‍ കണ്ണൂര്‍ ജില്ലയിലെ നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയും ചെയ്തു. ഒപ്പം സെക്രേട്ടറിയറ്റിന് മുന്നിൽ യു.എൻ.എ അനിശ്ചിതകാല സമരവും തുടങ്ങി. പ്രതിഷേധം ശക്തമായതോടെ ജൂലൈ അഞ്ചിന് തൊഴില്‍മന്ത്രി ചർച്ചക്ക് വിളിക്കുകയും കാര്യങ്ങള്‍ ഇരുസംഘടനകളിൽനിന്നും വിശദമായി കേള്‍ക്കുകയും ചെയ്തു. ഇതിെൻറ അടിസ്ഥാനത്തിലാണ് 11ന് മന്ത്രിതല ചര്‍ച്ചക്ക് തീരുമാനമുണ്ടായത്. എന്നാൽ, 11ലെ മന്ത്രിതല ചര്‍ച്ചയില്‍ സുപ്രീംകോടതി നിർദേശങ്ങൾ അട്ടിമറിച്ച് അതില്‍ താഴെയുള്ള നിരക്കിൽ ശമ്പള പരിഷ്കരണം നടത്തി സര്‍ക്കാറും മാനേജ്മെൻറും നഴ്സുമാരെ വഞ്ചിച്ചെന്നാണ് ആരോപണം. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി നഴ്സുമാര്‍ സമരത്തിലേക്ക് നീങ്ങിയത്.
വിദ്യാർഥികളെ നഴ്സുമാരാക്കുന്നത് സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധം
കണ്ണൂർ: നഴ്സുമാരുടെ സമരം അടിച്ചമർത്തുന്നതിെൻറ ഭാഗമായി നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ ജോലിക്ക് നിയോഗിക്കുന്നത് സർക്കാറിെൻറ തെന്ന ഉത്തരവുകൾക്ക് വിരുദ്ധം. മൂന്നര വർഷം ദൈർഘ്യമുള്ള ഡിേപ്ലാമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സും നാല് വർഷം ദൈർഘ്യമുള്ള ബി.എസ്സി നഴ്സിങ് കോഴ്സുമാണ് നിലവിലുള്ളത്. ഇൗ കാലയളവിനുള്ളിലും നഴ്സുമാരായി പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നില്ലെന്നതിനെ തുടർന്നാണ് സർക്കാർ ഒരു വർഷ പരിശീലനം നിർബന്ധമാക്കിയത്.
മാത്രമല്ല, കോഴ്സ് പൂർത്തിയാക്കി ഇന്ത്യൻ നഴ്സിങ് കൗൺസിലിെൻറയും കേരള നഴ്സിങ് കൗൺസിലിെൻറയും അംഗീകാരം നേടിയവർക്കാണ് നഴ്സുമാരായി പ്രവർത്തിക്കുന്നതിന് നിയമപരമായി സാധിക്കുക. നഴ്സിങ് അസിസ്റ്റൻറിനുപോലും ഇൻജക്ഷ്ൻ എടുക്കുന്നതിന് അനുമതിയില്ലെന്നിരിക്കേ ആശുപത്രിയിൽ വിദ്യാർഥികളെ നിയമിക്കുന്നത് ഗുരുതരമായ സാഹചര്യമാണെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
പ്രധാന ആവശ്യങ്ങൾ ഇങ്ങനെ
- സുപ്രീംകോടതി നിർദേശങ്ങൾ അനുസരിച്ചുള്ള ശമ്പള പരിഷ്കരണം നടപ്പാക്കുക
- വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാവാത്ത നഴ്സുമാരുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുക
- 30 ശതമാനം പുരുഷ സംവരണം നടപ്പാക്കുക
- നൈറ്റ് ഡ്യൂട്ടി മാസത്തിൽ ആറു ദിവസമാക്കി നിജപ്പെടുത്തുക
- പ്രവൃത്തിപരിചയം അടിസ്ഥാനമാക്കി ശമ്പളപരിഷ്കരണം നടപ്പാക്കുക
- നഴ്സിങ് ഡയറക്ടറേറ്റ് സ്ഥാപിച്ച് നഴ്സുമാരുടെയും രോഗികളുടെയും സംരക്ഷണം ഉറപ്പാക്കുക
- വിദേശ റിക്രൂട്ട്മെൻറ് സർക്കാറിന് കീഴിലാക്കുക
- ശമ്പള വർധനക്ക് മുൻകാല പ്രാബല്യം നൽകുക
- ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബിൽ ഉടൻ നടപ്പാക്കുക
- വേജ് പ്രൊട്ടക്ഷൻ സിസ്റ്റം എല്ലാ ആശുപത്രികളിലും നടപ്പാക്കുക
- യൂനിഫോം അലവൻസ്, റിസ്ക് അലവൻസ് എന്നിവ ഉടൻ നടപ്പാക്കുക
- രജിസ്ട്രേഡ് നഴ്സുമാരുടെ ട്രെയിനി സംവിധാനം നടപ്പാക്കുക
- സ്ത്രീ നഴ്സുമാർക്ക് ജോലിസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക
(അവസാനിച്ചു)
തയാറാക്കിയത്:
വൈ. ബഷീർ
രവീന്ദ്രൻ രാവണേശ്വരം
നഹീമ പൂന്തോട്ടത്തിൽ
എ. സക്കീർ ഹുസൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.