നഴ്സുമാരുടെ സമരം; തൊഴിൽ മന്ത്രിയുമായി ഇന്ന് വീണ്ടും ചർച്ച
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി നിർദേശപ്രകാരമുള്ള ശമ്പള വർധന ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തുന്ന നിരാഹാരസമരം ചർച്ചചെയ്യാൻ ചൊവ്വാഴ്ച തൊഴിൽമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം. സമരം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രശ്നങ്ങൾ ചർച്ചചെയ്യാൻ രാവിലെ 11ന് മന്ത്രി യോഗം വിളിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും സമരം തുടരുന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷനെയാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്. പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും അസോ. കൂട്ടാക്കാതിരുന്നതിനെ തുടർന്നാണിത്.
കഴിഞ്ഞ 16 മാസമായി ചർച്ചകൾ നടന്നിട്ടും തീരുമാനം ഒന്നും ആയിട്ടില്ലെന്നും അതിനാലാണ് സമരത്തിലേക്ക് കടന്നതെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു. ഒരു മാസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന വാക്ക് വിശ്വസിച്ചു നഴ്സുമാർ മിണ്ടാതിരുന്നാൽ കഴിഞ്ഞ ചർച്ചകളിലേതുപോലെ തന്നെ ഇനിയുള്ള ചർച്ചയും മാനേജ്മെൻറുകൾക്ക് അനുകൂലമായ നിലപാടെടുക്കാൻ സാഹചര്യം ഉണ്ടാക്കും. സമരത്തിെൻറ കാര്യം ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നേരേത്ത തന്നെ അറിയിച്ചതാണ്. അതുകൊണ്ട് പനി പടരുന്ന സാഹചര്യം എടുത്തുപറഞ്ഞു നഴ്സുമാരെ കുറ്റംപറയാൻ മാനേജ്മെൻറിന് അധികാരമില്ലെന്നും അസോ. വ്യക്തമാക്കി.
അതേസമയം, ഇന്ത്യൻ നഴ്സസ് അസോസിയേഷന് പിന്തുണ അറിയിച്ച് വിവിധ ജില്ലകളിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷനും സമരത്തിലാണ്. അവരെ ചൊവ്വാഴ്ച വൈകീട്ട് ലേബർ കമീഷണർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.