നഴ്‌സിങ് സംഘടനകൾ പണിമുടക്കിൽ നിന്ന് പിന്മാറണം -മന്ത്രി
text_fieldsതിരുവനന്തപുരം: പണിമുടക്കിൽനിന്ന് നഴ്‌സിങ് സംഘടനകൾ പിന്മാറണമെന്നും വേതന പരിഷ്‌കരണം സംബന്ധിച്ച പ്രശ്‌നത്തില്‍ തൊഴിലാളികള്‍ക്കുകൂടി സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ മാനേജ്മെൻറുകള്‍ തയാറാകണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ. വേതന പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന വേളയില്‍ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനം സമവായ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്.
ജീവനക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ന്യായമായ പരിഹാരമുണ്ടാകണമെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാറിനും തൊഴില്‍ വകുപ്പിനുമുള്ളത്. അതിനുള്ള നടപടികള്‍ തൊഴില്‍ വകുപ്പും സര്‍ക്കാറും സ്വീകരിക്കും. ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതി ഇതിനകം തെളിവെടുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അന്തിമ തീരുമാനം എടുക്കുന്നതിനുമുമ്പ് മാനേജ്മെൻറ് സംഘടനകളെയും തൊഴിലാളി സംഘടനകളെയും സമവായത്തിലെത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇൗമാസം 27ന് വീണ്ടും ആശുപത്രി വ്യവസായ ബന്ധസമിതി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. 27 വരെ സമര പരിപാടികള്‍ നിര്‍ത്തിവെക്കാനുള്ള അഭ്യർഥനയോട് നഴ്‌സിങ് ജീവനക്കാരുടെ സംഘടനകള്‍ അനുകൂലമായാണ് പ്രതികരിച്ചത്.
എന്നാല്‍, ധാരണയില്‍നിന്ന് പിന്തിരിയാന്‍ നഴ്‌സുമാരുടെ ഒരു വിഭാഗം സംഘടനകള്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പരക്കുന്നുണ്ട്. അവശ്യ സര്‍വിസായ ആശുപത്രി മേഖലയില്‍ പണിമുടക്ക് ആരംഭിക്കാനുള്ള തീരുമാനം പൊതു ജീവിതത്തെയും രോഗികളെയും വല്ലാതെ ബാധിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ കൂട്ടിേച്ചർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.