നഴ്സിങ് പ്രവേശനം: കോടികൾ തട്ടിയ അഞ്ചുപേർ അറസ്റ്റിൽ
text_fieldsചെറുതോണി: ബംഗളൂരുവിൽ നഴ്സിങ് പ്രവേശനം വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപ തട്ടിയ അഞ്ച് പ്രതികളെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി വട്ടവിള പുത്തൻവീട്ടിൽ ലിജോ ജേക്കബ് ജോൺ, മറ്റ് പ്രതികളായ നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തിൽ ജിതിൻ തോമസ്, തൈക്കൂട്ടത്തിൽ മൃദുൽ ജോസഫ്, ബാലഗ്രാം കണിശ്ശേരിയിൽ വീട്ടിൽ കെ.ടി. അനൂപ്, കട്ടപ്പന നത്തുകല്ല് സ്വദേശി ഓലിക്കര വീട്ടിൽ ജസ്റ്റിൻ ജയിംസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുടനീളം 200 പേരിൽനിന്ന് മൂന്ന് ലക്ഷത്തോളം രൂപ വീതമാണ് അഞ്ചുപേർ അടങ്ങുന്ന സംഘം തട്ടിയത്. ട്രസ്റ്റ് രൂപവത്കരിച്ച് പലിശ ഇല്ലാതെ പഠനത്തിനായി പണം നൽകാമെന്ന് രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇടുക്കിയിൽ മാത്രം 30ഒാളം പേർ തട്ടിപ്പിന് ഇരയായി.
2021ൽ രൂപവത്കരിച്ച ദേവാമൃതം എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2022ലാണ് പരാതിക്കാരായ രക്ഷിതാക്കളിൽനിന്ന് പണം തട്ടുന്നത്. ബംഗളൂരുവിലെ പ്രമുഖ നഴ്സിങ് കോളജിൽ പ്രവേശനം വാങ്ങി നൽകാമെന്നും പലിശരഹിത വായ്പ ലഭ്യമാക്കാമെന്നുമാണ് വാഗ്ദാനം നൽകിയത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട ആറോളം രക്ഷിതാക്കൾ തങ്കമണി സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായാണ് പൊലീസ് നൽകുന്ന വിവരം. ഓരോ വിദ്യാർഥിയിൽനിന്നും 25,000 രൂപ പ്രോസസിങ് ഫീസായും വാങ്ങിയിരുന്നു. സർട്ടിഫിക്കറ്റുകൾ വിദ്യാർഥികളിൽനിന്ന് വാങ്ങിവെച്ച ശേഷം പ്രവേശനത്തിനെന്ന വ്യാജേന പല രേഖകളിലും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒപ്പിടീപ്പിച്ചു. കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒരാഴ്ച മാത്രമാണ് പഠനം നടത്താൻ കഴിഞ്ഞത്. ട്രസ്റ്റ് കോളജിൽ പണം അടക്കാതെ വന്നതോടെ വിദ്യാർഥികളെ പുറത്താക്കി. രക്ഷിതാക്കൾ പ്രതികളുടെ സ്ഥാപനത്തിലെത്തി ബഹളം വെച്ചതോടെ സർട്ടിഫിക്കറ്റുകൾ മടക്കി നൽകി.
എന്നാൽ, വിദ്യാർഥികളുടെ പേരിൽ ബാങ്കുകളിൽനിന്നെടുത്ത മൂന്നുലക്ഷം രൂപ വീതമുള്ള വായ്പ ഏജൻസി തിരികെ അടച്ചില്ല. ഇതോടെ ബാങ്കുകളിൽനിന്ന് രക്ഷിതാക്കൾക്ക് നോട്ടീസ് എത്തിത്തുടങ്ങി. പണം നഷ്ടപ്പെട്ടതിന് പുറമെ ബാങ്കിനെ സമീപിച്ച് മറ്റൊരു വായ്പയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദ്യാർഥികളുടെ തുടർപഠനവും മുടങ്ങിയിരിക്കുകയാണ്.
തങ്കമണി പൊലീസ് ഇൻസ്പെക്ടർ കെ.എം. സന്തോഷ്, എ.എസ്.ഐ പി.പി. വിനോദ്, എസ്.സി.പി.ഒ ജോഷി ജോസഫ്, സി.പി.ഒ ജിതിൻ എബ്രഹാം എന്നിവ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.