നഴ്സിങ് പ്രവേശനം: മാനേജ്മെന്റുകളുമായുള്ള ചർച്ചയിൽ ധാരണയായില്ല
text_fieldsതിരുവനന്തപുരം: അപേക്ഷ ഫീസിന് 18 ശതമാനം ജി.എസ്.ടി അടയ്ക്കണമെന്ന സർക്കാർ നിലപാടിൽ വിട്ടുവീഴ്ച വേണമെന്ന നിലപാട് കടുപ്പിച്ചതോടെ നഴ്സിങ് മാനേജ്മെന്റുകളുമായുള്ള ചർച്ചയിൽ ധാരണയായില്ല. പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ജോയന്റ് സെക്രട്ടറി ശ്രീജിത്ത് എന്നിവരാണ് മാനേജ്മെന്റ് അസോസിയേഷനുകളുമായും വ്യക്തിഗത മാനേജ്മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയത്.
ഏകീകൃത പ്രവേശനത്തിന് മാനേജ്മെന്റ് സീറ്റുകളിൽ അസോസിയേഷനുകള്‍ വാങ്ങുന്ന അപേക്ഷ ഫീസിന് 18 ശതമാനം ജി.എസ്.ടി അടയ്ക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഓരോ വിദ്യാര്‍ഥിയില്‍നിന്നും ആയിരം രൂപയാണ് അപേക്ഷ ഫീസായി അസോസിയേഷനുകള്‍ വാങ്ങിയത്. ഇതിന് 2017 മുതലുള്ള ജി.എസ്.ടി കുടിശ്ശിക അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇനിമുതല്‍ ഏകീകൃത പ്രവേശനത്തിനില്ലെന്ന് അസോസിയേഷനുകള്‍ വ്യക്തമാക്കി. ഇത് വ്യാപക മെറിറ്റ് അട്ടിമറിക്കും കോഴക്കും കാരണമാകുമെന്നും ആരോപണമുയര്‍ന്നു. ഇതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറായത്. അസോസിയേഷന്റെയും മറ്റ് മാനേജ്മെന്റുകളുടെയും അഭിപ്രായം സര്‍ക്കാറില്‍ അറിയിച്ച് തീരുമാനം അറിയിക്കാമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. പ്രവേശന നടപടികൾ സുതാര്യമാകണമെന്ന് മാനേജ്മെന്റുകളോട് ആവശ്യപ്പെട്ടു. അതേസമയം അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നിലപാട് കടുപ്പിക്കുമെന്നാണ് അസോസിയേഷനുകള്‍ അറിയിച്ചത്. ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിന് മുന്നോടിയായി സര്‍ക്കാര്‍ നിലപാട് എടുത്തേക്കുമെന്നാണ് കരുതുന്നത്.
ഓരോ മാനേജ്മെന്റും വെവ്വേറെ വാങ്ങുന്ന പ്രവേശന ഫീസിന് ജി.എസ്.ടി നൽകേണ്ടതില്ലെന്നാണ് തുടർന്നുവരുന്ന രീതി. വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ഇളവ് അനുവദിച്ചത്. എന്നാല്‍, അസോസിയേഷനുകളെ ആ ഗണത്തില്‍ പെടുത്താനാകില്ലെന്നാണ് ജി.എസ്.ടി വിഭാഗം അറിയിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനത്ത് 121 സ്വകാര്യ നഴ്സിങ് കോളജുകളാണുള്ളത്. ഇതില്‍ 50 എണ്ണം പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനിലും 35 എണ്ണം ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷനിലും അംഗത്വമുള്ളവയാണ്. സ്വാശ്രയ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് വി. സജി, സെക്രട്ടറി അയിര ശശി, ക്രിസ്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികളായ ഫാ. വിമല്‍ ഫ്രാന്‍സിസ് എന്നിവരും 30ഓളം വ്യക്തിഗത മാനേജ്മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.