നഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്: വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ
text_fieldsഎരുമേലി: പെൺകുട്ടിക്ക് ബംഗളൂരുവിൽ നഴ്സിങ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണംതട്ടിയകേസിലെ പ്രതി 18 വർഷങ്ങൾക്കുശേഷം പിടിയിലായി. കോഴഞ്ചേരി പയ്യനാമൺ നെല്ലിവിളയിൽ വീട്ടിൽ അനിൽ വിശ്വനാഥനെയാണ് (43) എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2005ൽ എരുമേലി കനകപ്പാലം സ്വദേശിയായ ഗൃഹനാഥനില്നിന്ന് ഇയാളുടെ മകൾക്ക് നഴ്സിങ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 75,000 രൂപ തട്ടിയെടുക്കുകയായിരുന്നു. അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് ഗൃഹനാഥൻ പൊലീസിൽ പരാതി നൽകുകയും ഇതറിഞ്ഞ ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു.
ഇത്തരത്തിൽ വിവിധ കേസുകളില്‍പെട്ട് ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ കോന്നിയില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.