നഴ്സിങ് റിക്രൂട്ട്മെൻറ് തട്ടിപ്പ്: ഉതുപ്പ് വര്ഗീസ് വീണ്ടും അറസ്റ്റിൽ
text_fieldsകോട്ടയം: മുന്നൂറുകോടിയോളം രൂപയുടെ നഴ്സിങ് റിക്രൂട്ട്മെൻറ് തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി ഉതുപ്പ് വര്ഗീസ് വീണ്ടും അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധനിയമപ്രകാരം എൻഫോഴ്സ്മെൻറ് രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ വീട്ടിൽനിന്നാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. നേരേത്ത സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലായിരുന്നു. റിക്രൂട്ട്മെൻറ് ഫീസായി 19,500 രൂപ വാങ്ങാൻ അനുമതിയുണ്ടായിരുന്നപ്പോൾ കൊച്ചിയിൽ ഉതുപ്പിെൻറ ഉടമസ്ഥതയിലുള്ള അൽ-സറാഫ് ഏജൻസി 19,50,000 രൂപ വീതം ഉദ്യോഗാർഥികളിൽനിന്ന് വാങ്ങി.
19,500 രൂപ വാങ്ങേണ്ടിടത്ത് രണ്ട് പൂജ്യം കൂടി ചേർത്ത് 19.5 ലക്ഷം ആക്കി 200 കോടിയാണ് 1291 പേരിൽനിന്നും ഉതുപ്പും സംഘവും കൈക്കലാക്കിയതെന്നാണ് കേസ്. 2014 ഡിസംബർ 29 മുതൽ 2015 മാർച്ച് 25 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് അരങ്ങേറിയത്.
ആരോഗ്യ മന്ത്രാലയത്തിൽ നിയമനം നൽകാമെന്ന ഉറപ്പിൽ കുവൈത്തിലെത്തിച്ച നഴ്സുമാർക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ നിയമനം നൽകിയെന്നും ഉതുപ്പിനെതിരെ പരാതി ഉയർന്നിരുന്നു. ആരോഗ്യ മന്ത്രാലയത്തിലെ നിയമനത്തിനെന്ന പേരിൽ 22 ലക്ഷം രൂപ കൈപ്പറ്റിയശേഷം അഞ്ച് ലക്ഷം മാത്രം സർവിസ് ചാർജുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഉദ്യോഗാർഥികളെ മാറ്റുകയായിരുന്നു. ഇതിലൂടെ മാത്രം 119 കോടിയിലേറെ രൂപയുടെ തട്ടിപ്പും സംഘം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
അൽസറാഫ കൊച്ചിയിൽ നഴ്സുമാരിൽനിന്ന് ശേഖരിക്കുന്ന പണം കുവൈത്തിൽ എത്തിച്ചത് സുരേഷ് ബാബു എന്ന ആളായിരുന്നെന്ന് നേരേത്ത സി.ബി.ഐ കണ്ടെത്തിയിരുന്നു.
ഇയാളെയും പ്രതിചേർത്തിട്ടുണ്ട്. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻറ്സ് അഡോൾഫ് മാത്യുവാണ് കേസിൽ ഒന്നാം പ്രതി. ഉതുപ്പ് വർഗീസ് രണ്ടാം പ്രതിയാണ്. വർഗീസിെൻറ ഭാര്യ സൂസൻ വർഗീസാണ് കേസിലെ മറ്റൊരു പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.