നഴ്സിങ് സമരം ഒത്തുതീർന്നു; കുറഞ്ഞ ശമ്പളം 20000 രൂപ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തുടർന്ന് വന്ന നഴ്സുമാരുടെ സമരം ഒത്തുതീർന്നു. ശമ്പളകാര്യത്തിൽ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
50 കിടക്കകൾ ഉള്ള ആശുപത്രിയിലെ നഴ്സുമാർക്ക് കുറഞ്ഞ ശമ്പളം 20000 രൂപ നൽകണം. 50 മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തി. നഴ്സുമാരുടെ പരിശീലന കാലാവധി, പരിശീലന കാലത്തെ സ്റ്റൈപന്‍റ് എന്നീ കാര്യങ്ങളും ഈ സമിതി പരിശോധിക്കും. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തൊഴില്‍, ആരോഗ്യം, നിയമം വകുപ്പുകളുടെ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണര്‍മാരും സമിതിയിലെ അംഗങ്ങളാണ്.
ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍ അത് മിനിമം വേജസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുമെന്നും അത് അംഗീകരിക്കണമെന്ന് സമിതിയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.
സമരം നടത്തിയതിന്‍റെ പേരില്‍ ഒരു തരത്തിലുളള പ്രതികാര നടപടിയും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി മാനേജ്മെന്‍റുകളോട് നിര്‍ദ്ദേശിച്ചു. സമരം നടത്തിയവര്‍ ആശുപത്രി പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുകയും വേണം. ഈ രീതിയില്‍ ആരോഗ്യരംഗത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കണമെന്ന് അദ്ദേഹം ഇരുവിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍
1. 2016 ജനുവരി 29-ന് സുപ്രീകോടതി വിധി അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നിര്‍ദ്ദേശിച്ച രീതിയില്‍ 50 കിടക്ക വരെയുളള ആശുപത്രികളിലെ നഴ്സുമാരുടെ മൊത്തം ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. 50 കിടക്കകളില്‍ കൂടുതലുളള ആശുപത്രികളിലെ ശമ്പളം സുപ്രീംകോടതി മാര്‍ഗ്ഗരേഖയനുസരിച്ച് നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കും.
2. നഴ്സിംഗ് ട്രെയ്നിമാരുടെ സ്റ്റൈപ്പന്‍റ് കാലോചിതമായി വര്‍ദ്ധിപ്പിക്കും. ട്രെയ്നിംഗ് കാലാവധിയും സ്റ്റൈപ്പന്‍റ് പുതുക്കുന്ന കാര്യവും സമിതിയുടെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചു.
നഴ്സുമാരുടെ സംഘടനാ പ്രതിനിധികള്‍, മിനിമം വേജസ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുളള ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികള്‍ എന്നിവരുമായി വെവ്വേറെ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി എല്ലാവരെയും ഒന്നിച്ച് വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായി അംഗീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, നിയമ മന്ത്രി എ.കെ. ബാലന്‍, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, യു.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് എം. ജാസ്മിന്‍ഷ, സെക്രട്ടറി എം.വി. സുധീപ്, ഐ.എന്‍.എ പ്രസിഡന്‍റ് ലിബിന്‍ തോമസ്, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരും ട്രേഡ് യൂണിയന്‍, ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളും പങ്കെടുത്തു.
സുപ്രീംകോടതി നിര്‍ദ്ദേശിച്ച കുറഞ്ഞ ശമ്പളത്തില്‍നിന്ന് കേരളത്തിന് ഒരുതരത്തിലും പിറകോട്ടുപോകാന്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാമേഖലയിലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുളള സംസ്ഥാനമാണ് കേരളം. ഇവിടുത്തെ മെച്ചപ്പെട്ട ജീവിതനിലവാരം വേതനവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുളള നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനത്തിന് അര്‍ഹതയുണ്ടെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.