നഴ്സിങ് വിദ്യാർഥിനിയുടെ മരണം; മൂന്ന് സഹപാഠികൾ റിമാൻഡിൽ
text_fieldsപത്തനംതിട്ട: നാലാം വർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനി അമ്മു എ. സജീവിന്റെ (22) മരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറസ്റ്റിലായ മൂന്ന് സഹപാഠികളെയും കോടതി റിമാൻഡ് ചെയ്തു.
ആരോഗ്യവകുപ്പിനുകീഴിലെ ചുട്ടിപ്പാറ സിപാസ് നഴ്സിങ് കോളജ് വിദ്യാർഥിനികളായ കൊല്ലം പത്തനാപുരം കുണ്ടയം കൊഴുവക്കാട് വടക്കേതിൽ അലീന ദിലീപ് (22), കോട്ടയം വാഴപ്പള്ളി തുരുത്തി തകിടിയേൽ ഹൗസിൽ എ.ടി. ആഷിത (22), കോട്ടയം അയർക്കുന്നം കൊങ്ങാട്ടൂർ വാലുമേൽ കുന്നേൽ വീട്ടിൽ അഞ്ജന മധു (22) എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
അടുത്തമാസം അഞ്ചുവരെ കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്ത ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ജാമ്യം ലഭിച്ചാൽ വിദ്യാർഥിനികൾ തെളിവ് നശിപ്പിക്കുമെന്നും ഇവരുടെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ആത്മഹത്യ പ്രേരണയുണ്ടാക്കും വിധം മാനസിക പീഡനമുണ്ടായതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകീട്ട് ആറിന് ഇവരുടെ വീടുകളിൽ നിന്നാണ് പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മൂവരെയും വെള്ളിയാഴ്ച രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. പത്തനംതിട്ട നഗരത്തിലെ ഇടത്താവളത്തിന് സമീപത്തെ എൻ.എസ്.എസ് വർക്കിങ് വിമൻസ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽനിന്ന് 15ന് വൈകീട്ട് അമ്മു സജീവ് ചാടിയത്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.