Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടിക വിഭാഗം...

പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്‌സിങ് പഠനമൊരുക്കും -മന്ത്രി കെ. രാധാകൃഷ്ണൻ

text_fields
bookmark_border
പട്ടിക വിഭാഗം വിദ്യാർഥികൾക്കു ജർമനിയിൽ നഴ്‌സിങ് പഠനമൊരുക്കും -മന്ത്രി കെ. രാധാകൃഷ്ണൻ
cancel

തിരുവനന്തപുരം: പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെ ജർമനയിൽ നഴ്‌സിങ് പഠനത്തിന് അയക്കുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ. പഠനത്തിനുശേഷം 55 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിൽ ഇവർക്കു ജർമനിയിൽ നഴ്‌സായി ജോലി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി, പട്ടിക വർഗ പിന്നാക്ക വികസന വകുപ്പുകൾ സർക്കാർ ഏജൻസിയായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്‍റുമായി (ഒഡെപെക്) ചേർന്നു നടപ്പാക്കുന്ന ഉന്നതി സ്‌കോളർഷിപ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും വെബ്‌സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജർമനയിൽ ബി.എസ്‌സി നഴ്‌സിങ് പഠിക്കാൻ കഴിഞ്ഞാൽ അവിടെത്തന്നെ ഉയർന്ന ശമ്പളത്തിൽ നഴ്‌സായി ജോലി ചെയ്യാൻ കഴിയുമെന്നതു മുന്നിൽക്കണ്ടാണു പട്ടിക വിഭാഗത്തിൽപ്പെടുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് ഇതിനുള്ള അവസരമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ഏകദേശം 35 ലക്ഷം രൂപയാണു ഫീസ് ഇനത്തിൽ വേണ്ടിവരുന്നത്. ഈ തുക പലിശയില്ലാതെയോ, ചെറിയ പലിശക്കോ വായ്പയായി നൽകാൻ പട്ടിക ജാതി, പട്ടിക വർഗ കോർപറേഷൻ തയാറായാൽ നിരവധി വിദ്യാർഥികൾക്കു ജർമനിയിൽ നഴ്‌സിങ് പഠനത്തിന് അവസരമൊരുങ്ങും. അവിടുത്തെ ശമ്പളം നോക്കിയാൽ ഒരു വർഷംകൊണ്ടുതന്നെ ഈ വായ്പ തിരിച്ചടക്കാൻ കഴിയുമെന്നും വിദ്യാർഥികൾക്കു ശോഭനമായ ജീവിതസാഹചര്യം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം പട്ടിക വിഭാഗത്തിൽപ്പെടുന്ന 425 പേരെ തെരഞ്ഞെടുത്തു വിദേശ സർവകലാശാലകളിൽ പഠനത്തിന് അയച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷം 310 പേർക്കു കൂടി വിദേശ പഠന സൗകര്യമൊരുക്കുന്നുണ്ട്. ഓരോ വർഷവും മുന്നൂറിലേറെ വിദ്യാർഥികൾക്കു വിദേശ പഠനമൊരുക്കുകയാണു ലക്ഷ്യം. ആഗോള റാങ്കിങ്ങിൽ അഞ്ഞൂറിനുള്ളിൽ വരുന്ന മികച്ച സർവകലാശാലയിലേക്കാണ് ഇവരെ പഠനത്തിനായി അയക്കുന്നത്. വിദേശത്തു പഠിക്കുമ്പോൾ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമുണ്ടാകുന്ന ആശങ്ക പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒഡെപെകുമായി സഹകരിച്ച് ഉന്നതി സ്‌കോളർഷിപ് ഫോർ ഓവർസീസ് സ്റ്റഡീസ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർഥി വിമാനത്താവളത്തിൽ എത്തുമ്പോൾത്തന്നെ ഒഡെപെക് ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ബന്ധപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യും.

പഠനകാലയളവിൽ പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഡെപെകിനെ ബന്ധപ്പെടാം. ഈ രീതിയിൽ വിദേശ പഠനത്തിന് വിദ്യാർഥികളെ അയക്കുക മാത്രമല്ല, പഠനകാലയളവിലുടനീളം അവർക്കു സംരക്ഷണം നൽകുകയെന്ന കടമകൂടി സർക്കാർ നിർവഹിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിദേശ പഠന സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി www.odepc.net/unnathi എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകളുടെ ഓഫിസിൽ ലഭിക്കും.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പട്ടികജാതി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nursing StudyMinister K. Radhakrishnan
News Summary - Nursing studies will be arranged in Germany for scheduled category students -Minister K. Radhakrishnan
Next Story