പി.എം.എ. ഖാദറിന്റെ ഖുർആൻ പരിഭാഷയും വ്യാഖ്യാനവും ഇസ്ലാമോഫോബിയക്കെതിരായ പ്രതിരോധം –ഒ. അബ്ദുറഹ്മാൻ
text_fieldsശാന്തപുരം: ലോകമെമ്പാടും ഇസ്ലാമിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങൾക്കും ഇസ്ലാമോഫോബിയക്കും പ്രതിരോധം സൃഷ്ടിക്കാൻ പര്യാപ്തമാണ് പി.എം.എ. ഖാദർ തയാറാക്കിയ ഖുർആൻ പരിഭാഷയും വ്യാഖ്യാനവുമെന്ന് മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ. ഇസ്ലാം കാരുണ്യത്തിെൻറ മതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന രചന ശാന്തപുരം അൽജാമിഅയിൽനിന്ന് ജന്മം കൊണ്ടിരിക്കുന്നു. 'ദ ഖുർആൻ: സ്റ്റാൻഡേർഡ് ഇംഗ്ലീഷ് ട്രാൻസ്ലേഷൻ' എന്ന ഗ്രന്ഥം രചിച്ചതിന് അൽജാമിഅ പൂർവ വിദ്യാർഥിയായ പി.എം.എ. ഖാദറിനെ ആദരിക്കാൻ അൽജാമിഅ അൽഇസ്ലാമിയ്യ അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലിബാെൻറ അധികാരാരോഹണം വരെയുള്ള ലോക രാഷ്ട്രീയ സംഭവങ്ങൾ മറയാക്കി, ഇസ്ലാം ഹിംസയുടെയും ക്രൂരതയുടെയും മതമാണെന്ന് തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇസ്ലാംവിരുദ്ധ ശക്തികൾ നിരന്തരം നടത്തുന്നത്. എന്നാൽ, ഇസ്ലാം അപാരമായ ദൈവകാരുണ്യത്തിെൻറ പാഠങ്ങളാണ് നൽകുന്നതെന്നും വിശുദ്ധ ഖുർആനിെൻറ അധ്യാപനങ്ങൾ അതിന് സാക്ഷിയാണെന്നും നാം തെളിയിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.
അതിന് പ്രയോജനപ്പെടുന്ന വിഷയാധിഷ്ഠിത വ്യാഖ്യാനം ഈ ഖുർആൻ വിവർത്തനത്തിെൻറ പ്രത്യേകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിതമായ പദങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥം റഫറൻസ് എന്നതിന് പുറമെ സ്കൂൾ -കോളജ് വിദ്യാർഥികൾക്കും യുവതലമുറക്കും അനായാസം ഖുർആൻ പഠിക്കാൻ പ്രയോജനപ്പെടുന്ന അമൂല്യ ഗ്രന്ഥമാണെന്ന് ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
ഖുർആനിെൻറ ഇംഗ്ലീഷ് പരിഭാഷയിലേക്ക് തന്നെ എത്തിച്ചത് ശാന്തപുരം കോളജ് നൽകിയ പ്രചോദനമാണെന്ന് പി.എം.എ. ഖാദർ മറുപടിയായി പറഞ്ഞു. അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ചു. അൽജാമിഅ വൈസ് പ്രസിഡൻറ് വി.കെ. അലി, അഡ്മിനിസ്ട്രേറ്റിവ് കൗൺസിൽ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, ഹൈദരലി ശാന്തപുരം, വി.എ. കബീർ, ടി.കെ. ഉബൈദ്, വി.കെ. ജലീൽ, കെ.കെ. സുഹ്റ, വി.എസ്. സലീം, പി.എം. ഹാമിദലി, അശ്റഫ് കീഴുപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ശരീഫ് കൊച്ചി ഗാനമാലപിച്ചു. അലുമ്നി ജനറൽ സെക്രട്ടറി ഡോ. വി.എം. സാഫിർ സ്വാഗതവും ഷമീം ചൂനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.