ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് ഒ.ബി.സി സംവരണം: സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു
text_fieldsകൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിന് ഹൈകോടതി സ്റ്റേ. സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു നാടാർ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) ഒഴികെയുള്ള നാടാർ വിഭാഗങ്ങൾക്കും സംവരണം അനുവദിക്കുന്ന നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി. ബി. സുരേഷ് കുമാറിെൻറ ഇടക്കാല ഉത്തരവ്. മോസ്റ്റ് ബാക്ക് വാർഡ് കമ്മ്യൂണിറ്റിസ് ഫെഡറേഷൻ (എം ബി സി എഫ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ് കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്. ചന്ദ്രൻ എന്നിവരാണ് ഹരജി നൽകിയത്.
ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കുശേഷം രാഷ്ട്രപതി തീരുമാനമെടുക്കണെമന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഉത്തരവ്.
102ാം ഭേദഗതി പ്രകാരം 2018 ആഗസ്റ്റ് 15 മുതൽ രാഷ്ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജി തീർപ്പാക്കുന്നതുവരെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ഇടക്കാല ആവശ്യം. ഇത് പരിഗണിച്ചാണ് ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്തത്. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകരായ ടി.ആർ. രാജേഷ്, പയ്യന്നൂർ ഷാജി എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.