മെഡിക്കൽ പി.ജി കോഴ്സുകളിൽ ഒ.ബി.സി സംവരണം; 30 ശതമാനമാക്കാൻ ഉപദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ പി.ജി കോഴ്സുകളിൽ ഒ.ബി.സി സംവരണം 30 ശതമാനമാക്കി ഉയർത്താൻ സർക്കാറിന് ഉപദേശം. സർക്കാർ ആവശ്യപ്രകാരം വിഷയം പഠിച്ച സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനാണ് ഉപദേശം നൽകിയത്. സംസ്ഥാന ജനസംഖ്യയുടെ 65 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങൾക്ക് നിലവിൽ ഒമ്പത് ശതമാനം മാത്രമാണ് മെഡിക്കൽ/ ഡെൻറൽ പി.ജി കോഴ്സുകളിൽ സംവരണം. കഴിഞ്ഞവർഷം മെഡിക്കൽ പി.ജി കോഴ്സുകളിൽ മുന്നാക്ക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്) പത്ത് ശതമാനം സീറ്റ് നീക്കിവെച്ചതോടെയാണ് ഒ.ബി.സി സംവരണം ഒമ്പത് ശതമാനത്തിൽ ഒതുങ്ങിയത് ചർച്ചയായത്.
മുന്നാക്ക സംവരണത്തിെൻറ മറവിൽ നടന്ന സംവരണ അട്ടിമറി സംബന്ധിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച 'സംവരണ അട്ടിമറിയുടെ കേരള മോഡൽ' അന്വേഷണ പരമ്പരയിൽ മെഡിക്കൽ പി.ജി കോഴ്സുകളിലെ സംവരണ അനീതി പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ സംസ്ഥാന പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടർ ഒ.ബി.സി സംവരണം ഒമ്പത് ശതമാനത്തിൽ പരിമിതപ്പെട്ടത് സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തി. ഇതിനെതുടർന്നാണ് സർക്കാർ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷനിൽനിന്ന് ഉപദേശം തേടിയത്. റിട്ട. ജസ്റ്റിസ് ജി. ശശിധരൻ അധ്യക്ഷനായ കമീഷൻ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും ആരോഗ്യ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടി. തുടർന്നാണ് മെഡിക്കൽ/ ഡെൻറൽ/ഹോമിയോ/ ആയുർവേദ പി.ജി സീറ്റുകളിലും 30 ശതമാനത്തിന് സംവരണത്തിന് ഉപദേശം നൽകിയത്.
എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ മെഡിക്കൽ ബിരുദ കോഴ്സുകൾക്ക് നിലവിൽ 30 ശതമാനമാണ് ഒ.ബി.സി സംവരണം. മെഡിക്കൽ/ ഡെൻറൽ ബിരുദ കോഴ്സുകളിലും പി.ജി കോഴ്സുകളിലും അഖിലേന്ത്യ ക്വോട്ടയിലെ പ്രവേശനത്തിന് ഒ.ബി.സി വിഭാഗത്തിന് 27 ശതമാനം സംവരണത്തിനും ഇ.ഡബ്ല്യു.എസിന് പത്ത് ശതമാനം സംവരണത്തിനും കേന്ദ്രസർക്കാർ വ്യാഴാഴ്ച തീരുമാനമെടുത്തപ്പോഴും സംസ്ഥാന ക്വോട്ടയിൽ ഇപ്പോഴും മെഡിക്കൽ പി.ജി കോഴ്സുകളിൽ ഒ.ബി.സി സംവരണം ഒമ്പത് ശതമാനമാണ്. മുന്നാക്ക സംവരണത്തിന് പത്ത് ശതമാനം സീറ്റും അനുവദിക്കുന്നുണ്ട്.
റിപ്പോർട്ട് ലഭിച്ച് അഞ്ച് മാസമായിട്ടും നടപടിയെടുക്കാതെ സർക്കാർ
തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ പി.ജി കോഴ്സുകളിൽ ഒ.ബി.സി സംവരണം ഒമ്പതിൽനിന്ന് 30 ശതമാനമായി ഉയർത്താനുള്ള സംസ്ഥാന പിന്നാക്കവിഭാഗ കമീഷെൻറ ഉപദേശം ലഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ സർക്കാർ. കഴിഞ്ഞ ഫെബ്രുവരി 26ന് കമീഷൻ സർക്കാറിന് റിപ്പോർട്ട് നൽകിയെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്.
മെഡിക്കൽ പി.ജി കോഴ്സുകളിലെ സംവരണവിഷയം കഴിഞ്ഞ സർക്കാറിെൻറ അവസാന നിയമസഭ സമ്മേളനത്തിൽ ടി.എ. അഹമ്മദ് കബീർ ഉന്നയിക്കുകയും കമീഷൻ റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീൽ മറുപടി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, റിപ്പോർട്ട് ലഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തുടർനടപടിയെടുത്ത് ഉത്തരവിറക്കാൻ സർക്കാർ തയാറായിട്ടില്ല. അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 27 ശതമാനം ഒ.ബി.സി സംവരണത്തിന് തീരുമാനമാകുേമ്പാഴും സംസ്ഥാന ക്വോട്ടയിൽ ഒമ്പത് ശതമാനമാണ് സംവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.