ദർസിൽ പഠിക്കാൻപോയ മകൻ വീട്ടിലെത്തിയപ്പോൾ കണ്ടത് മരിച്ച് ദിവസങ്ങൾകഴിഞ്ഞ ഉമ്മയുടെ മൃതദേഹം
text_fieldsകുമ്പള: പള്ളിദർസിൽ പഠിക്കുന്ന മകൻ അഞ്ചുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് ഉമ്മയുടെ ചേതനയറ്റ ശരീരം. പുത്തിഗെ എ.കെ.ജി നഗറിൽ തടാകത്തിനടുത്ത് വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ആയിശയാണ് (52) മരിച്ചത് ആരുമറിയാതെ ദിവസങ്ങൾ പിന്നിട്ടത്. പെരിയടുക്കയിലെ പള്ളിദർസിൽ പഠിക്കുന്ന ഇവരുടെ ഏകമകൻ മുഹമ്മദ് ബാസിത് വെള്ളിയാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്.
ദുർഗന്ധം വമിക്കുന്ന വീട്ടുപരിസരത്തുനിന്ന് വാതിലിൽ തുടരത്തുടരെ മുട്ടിവിളിച്ചിട്ടും തുറക്കാതായപ്പോൾ ജനാലയുടെ ചില്ല് തകർത്ത് അകത്തേക്ക് നോക്കിയ ബാസിത്തിന് കാണാനായത് ഉമ്മ നിലത്ത് മരിച്ചുകിടക്കുന്നതാണ്.
ബാസിത്തിെൻറ കരച്ചിൽകേട്ട് സ്ഥലത്തെത്തിയവർ വിവരം നൽകിയതനുസരിച്ച് എത്തിയ പൊലീസ് വാതിൽ തുറക്കുകയായിരുന്നു. ഹൃദയാഘാതംമൂലം മരിച്ചതാണെന്നാണ് സൂചന. ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിന് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കർണാടക ഹുബ്ബള്ളി ബീരിക്കര സ്വദേശിനിയായ ആയിശയും മകൻ ബാസിത്തും 11 വർഷംമുമ്പാണ് കട്ടത്തടുക്കയിലെത്തിയത്.
കല്യാണവീടുകളിലും മറ്റും പണിയെടുത്ത് കിട്ടുന്ന വരുമാനംകൊണ്ടാണ് ഇവർ ജീവിച്ചുപോന്നത്. ഏതാനും വർഷംമുമ്പ് പള്ളിദർസിൽ ചേർന്ന ബാസിത് കഴിഞ്ഞ ഞായറാഴ്ച ഉമ്മയെ കാണാൻ വീട്ടിൽ വന്നിരുന്നുവത്രെ. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് എവിടെയെങ്കിലും ജോലിക്ക് പോയിരിക്കുമെന്ന് കരുതി പള്ളിയിലേക്ക് മടങ്ങിപ്പോന്നു. എന്നാൽ, നിരന്തരം വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടർന്ന് വെള്ളിയാഴ്ച വീണ്ടും വീട്ടിലെത്തുകയായിരുന്നു. താമസിക്കുന്നതിന് അടുത്തുതന്നെ ഏതാനും വീടുകളുണ്ടെങ്കിലും ഒരാഴ്ചയോളമായി അവരാരും ആയിശയെ പുറത്തെങ്ങും കണ്ടില്ലെന്നാണ് പറയുന്നത്.
കല്യാണവീടുകളിലും മറ്റും സ്ഥിരമായി വീട്ടുജോലിക്ക് പോകുന്ന ആളായതിനാൽ അങ്ങനെ പോയിക്കാണുമെന്നാണ് കരുതിയതെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.