വാദ്യകുലപതി വാരണാസി വിഷ്ണു നമ്പൂതിരി നിര്യാതനായി
text_fieldsമാവേലിക്കര: പ്രശസ്ത മദ്ദള വിദ്വാൻ മാവേലിക്കര വാരണാസി ഇല്ലത്ത് കലാരത്നം വാരണാസി വിഷ്ണു നമ്പൂതിരി നിര്യാതനായി . 83 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന് ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം.
1937 ജന ുവരി 20ന് നാരായണൻ നമ്പൂതിരിയുടെയും ദ്രൗപതി അന്തർജനത്തിന്‍റെയും മകനായി മാവേലിക്കര വാരണാസി ഇല്ലത്ത് ജനിച്ചു. ഹൈ സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ കഥകളി മദ്ദളവാദനം അഭ്യസിച്ചു തുടങ്ങി. കരുവാറ്റ കുമാരപ്പണിക്കർ, വെന്നിമല രാമ വാര്യർ എന്നിവർ ആദ്യ ഗുരുക്കൻമാരായി. 1952 ൽ മാവേലിക്കര മണ്ണൂർ മഠം കൊട്ടാരം ശിവക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. തുടർന്ന് കേരളകലാമണ്ഡലം ഉണ്ണായിവാര്യർ സ്മാരക കലാനിലയം എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി.
ജ്യേഷ്ഠ സഹോദരൻ കലാരത്നം വാരണാസി മാധവൻ നമ്പൂതിരി പ്രശസ്ത ചെണ്ട വിദ്വാൻ ആയിരുന്നു. കഥകളിലോകത്ത് ‘വാരണാസി സഹോദരൻമാർ’ എന്ന് ഇരുവരും അറിയപ്പെട്ടു. കഥകളി ആചാര്യൻമാരായ ഗുരു ചെങ്ങന്നൂർ രാമൻപിള്ള, ഗുരു കുഞ്ചുക്കുറുപ്പ്, പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, കുറിച്ചി കുഞ്ഞൻ പണിക്കർ, കുടമാളൂർ കരുണാകരൻ നായർ ചമ്പക്കുളം പാച്ചുപിള്ള, ഇറവങ്കര ഉണ്ണിത്താൻ സഹോദരന്മാർ തകഴി കുട്ടൻപിള്ള എന്നീ പ്രഗദ്ഭർക്കൊപ്പം പ്രവർത്തിച്ചു.
1972 തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘കലാരത്നം’ എന്ന ബഹുമതി നൽകിയതോടെ അദ്ദേഹത്തിന് വാരണാസി വിഷ്ണു നമ്പൂതിരി എന്ന പേരു ലഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക അവാർഡ്, കലാമണ്ഡലം പത്മശ്രീ കൃഷ്ണൻ നായർ സ്മാരക അവാർഡ്, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ സ്മാരക അവാർഡ്, കലാമണ്ഡലം ഹൈദരാലി സ്മാരക അവാർഡ്, കേരള കലാമണ്ഡലം വാദ്യ അവാർഡ്, മാവേലിക്കര കഥകളി ആസ്വാദക സംഘ വീരശൃംഖല അവാർഡ്, തകഴി മാധവ കുറുപ്പ് സ്മാരക കഥകളി അവാർഡ്, മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി പുരസ്കാരം, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ സ്മാരക കലാസാഗർ അവാർഡ്, കണ്ണൂർ നീലകണ്ഠര് സ്മാരക കഥകളി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കേരള കലാമണ്ഡലത്തിലും കേരള സംഗീത നാടക അക്കാദമിയിലും ഭരണസമിതി അംഗമായിരുന്നിട്ടുണ്ട്. മാവേേലിക്കര മണ്ണൂർ മഠം ശിവക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭാര്യ: പരേതയായ സരസ്വതി അന്തർജനം. മക്കൾ: രാധാദേവി, വിഷ്ണുനാരായണൻ നമ്പൂതിരി (മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ). മരുമക്കൾ: വി. ഇശ്വരൻ നമ്പൂതിരി, രാധാദേവി. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5ന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.