വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീലസന്ദേശം; പെരിയ ഇരട്ടക്കൊല കേസ് പ്രതിയായ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി
text_fieldsഉദുമ: പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീലസന്ദേശം പോസ്റ്റ് ചെയ്തു എന്നാരോപിച്ച് പെരിയ ഇരട്ടക്കൊല കേസ് പ്രതിയായ ലോക്കൽ സെക്രട്ടറിയെ സി.പി.എം പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കി. സി.പി.എം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുതോളിയെയാണ് പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
ഇയാളെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കാനും ഉദുമ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ഏരിയ സെന്റർ യോഗം ചേർന്ന് രാഘവൻ വെളുത്തോളിക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടുദിവസം മുമ്പാണ് പാർട്ടിയുടെ ഔദ്യോഗിക ഗ്രൂപ്പിൽ രാഘവന്റെ അശ്ലീല സന്ദേശം പ്രചരിച്ചത്. പെരിയ കേസിന്റെ വിചാരണക്ക് കൊച്ചിയിലേക്ക് പോകുന്നതിനിടെ തീവണ്ടിയിൽവെച്ചാണ് സന്ദേശം അയച്ചത്. സ്ത്രീകൾ അടക്കമുള്ള വാട്സ്ആപ് ഗ്രൂപ്പാണിത്. മറ്റൊരു സ്ത്രീക്ക് അയച്ച സന്ദേശം പാർട്ടി ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ വരുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, ഭാര്യക്ക് അയച്ച സന്ദേശം മാറിപ്പോയെന്നാണ് രാഘവന്റെ വിശദീകരണം.
പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ പ്രതിചേർത്ത ആളാണ് രാഘവൻ വെളുത്തോളി. കേസ് നടത്താൻ സി.പി.എം നേതൃത്വം കോടികൾ പിരിക്കാൻ നടപടിയെടുത്തുകഴിഞ്ഞു. മുൻ എം.എൽ.എ കൂടിയായ കെ.വി. കുഞ്ഞിരാമനും കേസിൽ പ്രതിയാണ്. ഇവരുടെ കേസ് നടത്താനാണ് സി.പി.എം പിരിവെടുക്കുന്നത്. എന്നാൽ, പാർട്ടി അംഗത്വത്തിൽനിന്ന് പുറത്തുപോകുന്നതോടെ രാഘവന്റെ കേസ് ഏതുനിലയിൽ മുന്നോട്ടുപോകും എന്നതിനെക്കുറിച്ച് അണികൾക്കിടയിൽ ചർച്ചയുണ്ട്. അഡ്വ. സി.കെ. ശ്രീധരനാണ് പ്രതിഭാഗം വക്കീൽ. സന്ദേശം ചോർന്നതോടെ പാർട്ടി നേതൃത്വം എതിരായതിനുപിന്നാലെ രാഘവൻ കേസിലൂടെ കടന്നുപോകുമ്പോഴുണ്ടായ മാനസികാവസ്ഥ പങ്കുവെച്ചതും അണികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.