വ്രതാനുഷ്ഠാനം ആരോഗ്യത്തിനും
text_fieldsപ്രപഞ്ചത്തിലെ മിക്ക ജീവജാലങ്ങളും വിവിധ രീതിയിലുള്ള ഉപവാസം അനുഷ്ഠിക്കുന്നവരാണ്. ദിവസങ്ങളും മാസങ്ങളും കൂട്ടിൽനിന്ന് പുറത്തിറങ്ങാതെയും ഭക്ഷിക്കാതെയും ചലിക്കാതെയും ഉപവസിക്കുന്ന ജീവികളുണ്ട്. ഓരോ വർഷവും നിശ്ചിതകാലത്ത് ഭക്ഷണം കഴിക്കാതെ കൂട്ടിൽ തന്നെ കഴിയുന്ന പക്ഷികളും സമുദ്രങ്ങളുടെയും നദികളുടെയും ആഴിയിൽ ഭക്ഷണമില്ലാതെ കഴിയുന്ന മത്സ്യങ്ങളും ഭക്ഷണമില്ലാതെ ദിവസങ്ങളോളം ഉപവസിക്കുന്ന ചിത്രശലഭങ്ങളുമുണ്ട്.
ചില പ്രത്യേക കാലങ്ങളിൽ ചില വൃക്ഷങ്ങളെ കാണാം, ഇലകൾ കൊഴിഞ്ഞ് കൊമ്പുകൾ ഉണങ്ങിയതെന്ന് തോന്നും. യഥാർഥത്തിൽ അവകൾ ഉണങ്ങിയിട്ടുണ്ടാവില്ല. പിന്നീട് പുതിയ ഇലകളും പൂക്കളും പഴങ്ങളുംകൊണ്ട് അവ സമൃദ്ധമാകും. ഈ കാലയളവ് ഈ വൃക്ഷങ്ങളുടെ ഉപവാസകാലമാണ്. സമ്പൂർണ ആരോഗ്യം നേടാനും ക്രമീകൃത ജീവിതം നയിക്കാനുമുള്ള ഒരു പ്രകൃതിനിയമമാണ് ഉപവാസമെന്ന് ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രാചീന സമൂഹങ്ങൾക്ക് വ്രതം നിർബന്ധമായതുപോലെ അഭിനവസമൂഹത്തിനും വ്രതം നിർബന്ധമാണെന്ന് പ്രസ്താവിച്ച ഖുർആൻ (അൽബഖറ) കാരണം പറയുന്നത് സൂക്ഷ്മതക്കും സുരക്ഷക്കും വേണ്ടിയെന്നാണ്. വ്യത്യസ്ത വ്യാഖ്യാനങ്ങൾ വന്ന ഈ ഖുർആൻ വാക്യത്തെ ശൈഖ് അബ്ദുർറഹ്മാൻ ഹബ്നക് അൽ മൈദാനി ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ‘‘വ്രതാനുഷ്ഠാനം നിർബന്ധമാക്കിയത് നിങ്ങളെ മരണാനന്തര ജീവിതത്തിലെ നരകശിക്ഷക്ക് വിധേയമാകാതെ സൂക്ഷിക്കാൻ വേണ്ടിയാണെന്നപോലെ ഇഹലോകത്ത് ആരോഗ്യം പരിഗണിക്കാൻകൂടിയാണ്’’ (നോമ്പും റമദാനും ഖുർആനിലും ഹദീസിലും, പേ: 42).
വ്രതമനുഷ്ഠിക്കൂ! ആരോഗ്യം നേടൂ (അൽമുഅ്ജമുൽ കബീർ) എന്ന ഹദീസും ചേർത്ത് വായിക്കാം. അല്ലാഹുവിെൻറ പ്രീതിക്കുവേണ്ടിയും പരലോക പ്രതിഫലം കാംക്ഷിച്ചും നിർവഹിക്കേണ്ടതാണ് ഇസ്ലാം വിഭാവനം ചെയ്യുന്ന വ്രതാനുഷ്ഠാനമെങ്കിലും അതിന് മനുഷ്യെൻറ ഭൗതികജീവിതത്തിൽതന്നെ ആരോഗ്യപരമായ പ്രയോജനങ്ങളുണ്ടെന്ന് മേൽ ഖുർആൻ, ഹദീസ് വചനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
നാം അഭിമുഖീകരിക്കുന്ന പല സങ്കീർണ രോഗങ്ങൾക്കും ലക്ഷണമൊത്ത ഇസ്ലാമിക വ്രതാനുഷ്ഠാനത്തിലൂടെ പരിഹാരം കാണാൻ കഴിയും. സൂര്യോദയത്തിനുമുമ്പ് അത്താഴം കഴിക്കുന്ന നോ മ്പുകാരൻ സൂര്യൻ അസ്തമിച്ചശേഷമാണ് വ്രതം അവസാനിപ്പിച്ച് ഭക്ഷണം കഴിക്കുന്നത്. സൂര്യെൻറ സാന്നിധ്യത്തിൽ നോമ്പുകാരൻ ഭക്ഷണം കഴിക്കാത്തതിനാൽ മനുഷ്യശരീരത്തിെൻറ ആരോ ഗ്യപരമായ പ്രവർത്തനങ്ങളിൽ പ്രധാന സ്വാധീനമുള്ള സൗരോർജം വ്രതവേളകളിൽ ആന്തരികാവയവങ്ങളുടെ ശാക്തീകരണത്തിനും സജീവതക്കുംവേണ്ടി പ്രവർത്തിക്കുന്നു.
ഏതൊരു കർമവും ഫലപ്രദമായി നിർവഹിക്കാൻ വിശ്രമവും ആവശ്യമാണ്. മനുഷ്യനും അവെൻറ ബാഹ്യവും ആന്തരികവുമായ അന്നനാളം, കരൾ, ഹൃദയം, വൃക്ക, കുടൽ, ആമാശയം, ഗ്രന്ഥികൾ, പേശികൾ, വായ്, പല്ല് തുടങ്ങിയ അവയവങ്ങൾക്ക് ശരിയായ വിശ്രമം വേണം. വ്രതാനുഷ്ഠാനകാലത്ത് ഇത് സാധ്യമാവുന്നു.
വ്രതാനുഷ്ഠാനത്തിലൂടെ കരൾ, വൃക്ക, മൂത്രാശയം തുടങ്ങിയവയുടെ ബലഹീനത, അമിതഭാരം, കൊളസ്േട്രാൾ, സന്ധിവേദന, ചർമരോഗങ്ങൾ, അമിതകാമം തുടങ്ങിയവക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായി സൗദിയിലെ ഡോ. മുഹമ്മദി അൽബാർ, ഡോ. അബ്ദുൽ ജവാദ് അൽസാവി എന്നീ പണ്ഡിതർ അനേകം പേരുടെ അനുഭവക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട് (അൽസിയാമു മുഅ്ജിസ ഇൽമിയ്യ:).
ആരോഗ്യത്തോടെ ജീവിക്കാനുള്ള ഏറ്റവും സുഗമവും സൗകര്യവുമായ മാർഗം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപവാസം അനുഷ്ഠിക്കലാണെന്ന് പ്രകൃതിചികിത്സാ വിശാരദന്മാർ വിലയിരുത്തുന്നുണ്ട്.തിങ്കളും വ്യാഴവും വ്രതമനുഷ്ഠിക്കൽ പുണ്യമാണെന്ന ഇസ്ലാമികാധ്യാപനങ്ങൾ സ്മരണീയമാണ്.
സത്യവിശ്വാസികളേ, നാം നിങ്ങൾക്ക് നൽകിയവയിലെ നല്ലത് മാത്രം നിങ്ങൾ ഭക്ഷിക്കുക (ഖുർആൻ) എന്ന ഖുർആനികാധ്യാപനം ആരോഗ്യത്തിന് ഹാനി വരുത്തുന്ന വിഭവങ്ങളും ഭക്ഷണശൈലിയും വർജിക്കണമെന്ന വ്യക്തമായ പ്രഖ്യാപനമാണ്. വയറിെൻറ പകുതി മാത്രം ഭക്ഷിക്കുകയും കാൽ ഭാഗം വെള്ളത്തിനും കാൽഭാഗം ഒഴിച്ചിടുകയും ചെയ്യുക. മനുഷ്യൻ നിറക്കുന്ന പാത്രങ്ങളിൽ ഏറ്റവും ചീത്തയായ പാത്രം ആമാശയമാണ് എന്നീ പ്രവാചക വചനങ്ങളും അമിതഭോജനത്തിനെതിരെയുള്ള ശക്തമായ താക്കീതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.