റഷ്യയെ തള്ളി യെച്ചൂരി; അധിനിവേശമല്ല പ്രതിസന്ധിക്ക് പരിഹാരമെന്ന്
text_fieldsകൊച്ചി: യുക്രെയ്നുമേലുള്ള റഷ്യൻ അധിനിവേശത്തെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മറ്റൊരു രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിച്ച് ഒരു രാജ്യത്തിനും സുരക്ഷിതത്വം ശക്തിപ്പെടുത്താനാകില്ലെന്ന് പറഞ്ഞ അദ്ദേഹം, പുടിൻ റഷ്യയെ സങ്കുചിത ദേശീയതാവാദത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
യുക്രെയ്നുമേലുള്ള റഷ്യൻ അധിനിവേശമല്ല പ്രതിസന്ധിക്ക് പരിഹാരം. അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണം. യു.എസ്.എസ്.ആർ ഇല്ലാതായപ്പോൾ അമേരിക്കൻ സാമ്രാജ്യത്വം ഗോർബച്ചേവിന് നൽകിയ വാക്ക് പാലിക്കാത്തതാണ് പ്രശ്നത്തിന് കാരണം. ഇന്ന് അമേരിക്ക യുക്രെയ്ൻ ഒഴികെ ചെറുതും വലുതുമായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കി. ഒരു ലക്ഷത്തിലേറെയുള്ള നാറ്റോ സൈന്യം റഷ്യൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്.
ലെനിൻ യുക്രെയ്നിനു സ്വതന്ത്ര പദവി നൽകിയില്ലായിരുന്നുവെങ്കിൽ റഷ്യയുടെ ഭാഗമാകുമായിരുന്നുവെന്നാണ് പുടിന്‍റെ വാദം. ഇത് വളരെ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ചൈന ഇന്ന് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി കഴിഞ്ഞു. നേരത്തേ ചൈനയെ മെരുക്കാനായിരുന്നു ശ്രമം. അതിന്ന് മെരുക്കി ഒറ്റപ്പെടുത്തുക എന്ന നിലയിലേക്ക് മാറി. അതിനായി യു.എസ് സാമ്രാജ്യത്വം അതിന്റെ എല്ലാ കൂട്ടാളികളെയും ഒരുമിച്ച് അണിനിരത്തുകയാണ്. ഇതുവഴി തങ്ങളുടെ അധീശത്വത്തിന് എതിരായ വെല്ലുവിളിയെ നേരിടാമെന്ന് കരുതുന്നു. ഈ നടപടി അന്താരാഷ്ട്ര സംഭവവികാസങ്ങളിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കും.
ഗൾഫ് യുദ്ധത്തിലും ലിബിയൻ പ്രതിസന്ധിഘട്ടത്തിലും ആളുകളെ ഒഴിപ്പിച്ച് പരിചയമുള്ളതാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. എന്നാൽ, ഇന്ന് അത് ഉപയോഗപ്പെടുത്തുന്നില്ല. അതിന് സംവിധാനവും ഇല്ല. യുക്രെയ്ൻ പ്രതിസന്ധിയിൽ ആളുകളെ തിരികെ എത്തിച്ചിട്ട് കേന്ദ്രമന്ത്രിമാർ ഫോട്ടോ സെഷൻ നടത്തുകയാണെന്നും യെച്ചൂരി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.