ഉദ്യോഗാർഥികളുടെ ഒാൺലൈൻ അപേക്ഷ കാണാതായ സംഭവം: പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ട് തള്ളി
text_fieldsതിരുവനന്തപുരം: പ്രൈമറി സ്കൂൾ അധ്യാപക തസ്തികയിലേക്ക് (എൽ.പി.എസ്.എ, യു.പി.എസ്.എ) അപേക്ഷിച്ച നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ഒാൺലൈൻ അപേക്ഷ കാണാതായ സംഭവത്തിൽ പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന സാങ്കേതികസമിതി റിപ്പോർട്ട് കമീഷൻ തള്ളി. സാങ്കേതിക പിഴവില്ലെങ്കിൽ എങ്ങനെ ഒരു തസ്തികക്ക് മാത്രം ഇത്രയേറെ പരാതികൾ വന്നെന്ന കമീഷൻ അംഗങ്ങളുടെ ചോദ്യത്തിന് റിപ്പോർട്ടിൽ വ്യക്തമായ ഉത്തരമില്ലാത്ത സാഹചര്യത്തിലാണ് നടപടി. കൂടാതെ പരാതിക്കാരായ ഓരോ ഉദ്യോഗാർഥിയുടെയും പ്രൊഫൈൽ പരിശോധിച്ച് കൂടുതൽ വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാനും തിങ്കളാഴ്ച ചേർന്ന യോഗം പി.എസ്.സി സെക്രട്ടറിക്ക് നിർദേശം നൽകി.
പി.എസ്.സിയിലെ സിസ്റ്റം മാനേജർ നൽകിയ റിപ്പോർട്ടിൽ ആശയക്കുഴപ്പം നിലനിന്നതിനെ തുടർന്നാണ് ഈ മാസം ഏഴിന് പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരെ പരാതി അന്വേഷിക്കാൻ കമീഷൻ നിയോഗിച്ചത്. എന്നാൽ, സമയക്കുറവുമൂലം എല്ലാവരുടെയും പ്രൊഫൈൽ പരിശോധിക്കാൻ ഇവർക്കായില്ല. ഏതാനും ചിലരുടെ പ്രൊഫൈൽ പരിശോധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ചെയർമാന് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
എന്നാൽ, ഇത് പോരെന്നും ഭാവിയിൽ നിയമനടപടികളിലേക്ക് പോയാൽ കോടതിയിൽ ബോധിപ്പിക്കാൻ വ്യക്തമായ ഉത്തരം പി.എസ്.സിക്ക് വേണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതോടെ 150ഓളം ഉദ്യോഗാർഥികളുടെ പരാതികൾ പി.എസ്.സി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വീണ്ടും വിദഗ്ധർ പരിശോധിക്കും. ജേണലിസം ഹയര്‍സെക്കൻഡറി അധ്യാപക നിയമനത്തിന് ബി.എഡ് ഇല്ലാത്തവരെ പരിഗണിക്കേണ്ടതില്ലെന്ന് പി.എസ്.സി യോഗം ധാരണയിലെത്തി.
വിവിധ വിഷയങ്ങളില്‍ ബി.എഡ് ഉള്ളവര്‍ മറ്റ് യോഗ്യതകളുമായി ധാരാളമുള്ളപ്പോള്‍ അതില്ലാത്തവരെ പരിഗണിക്കണമെന്നില്ല. വിശേഷാല്ചട്ടത്തില് ഇക്കാര്യം വ്യക്തമാണെന്നും കമീഷന് യോഗം വിലയിരുത്തി. ജേണലിസത്തിലോ ഇതരവിഷയത്തിലോ ബി.എഡ് ഉള്ളവരുടെ അഭാവത്തില്‍ മാത്രമേ അതില്ലാത്തവരെ പരിഗണിക്കേണ്ടതുള്ളൂ എന്നാണ് ചട്ടത്തിലെ വ്യവസ്ഥ.
മുഖ്യപട്ടികയില്‍ ആളില്ലാത്തതിനാല്‍ കാലാവധിക്ക് മുമ്പ് റദ്ദായ ചില ജില്ലകളിലെ എല്‍.പി സ്കൂള്‍ അധ്യാപക റാങ്ക്പട്ടിക വിപുലീകരിക്കേണ്ടതില്ലെന്ന് കമീഷന് തീരുമാനിച്ചു. ഒഴിവുകള്‍ ബാക്കിയുള്ളതിനാല്‍ റാങ്ക്പട്ടികയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.