ഓടനാടിന്‍റെ പോരാട്ട സ്മരണകളുമായി ഓച്ചിറക്കളി
text_fieldsകായംകുളം: അധിനിവേശ ശക്തികള്‍ക്കെതിരെ ആത്മാഭിമാനം കൈമുതലാക്കിയ ജനത നടത്തിയ പടയോട്ടത്തിെൻറ സ്മരണകളിരമ്പുന്ന ഓച്ചിറക്കളിക്ക് തുടക്കം. ഓടനാടിെൻറ യുദ്ധപാരമ്പര്യങ്ങളുടെ വീര്യവുമായി ഓച്ചിറ പടനിലത്താണ് വ്യാഴാഴ്ച പടയാളികൾ ഏറ്റുമുട്ടുന്നത്.
മൂന്ന് താലൂക്കിലെ 52 കരകളിൽ നിന്നുള്ള പടയാളികളാണ് രണസ്മരണകളുടെ കച്ചമുറുക്കി ഇവിടേക്ക് എത്തുന്നത്. ബുധനാഴ്ച പരിചയപ്പെട്ട് മടങ്ങിയ പടയാളികൾ വ്യാഴാഴ്ച ആയോധന കലയിലെ അടവുകൾ കാട്ടി കാണികളെ വിസ്മയിപ്പിക്കും. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം പേരിന് മാത്രമാണ് നടന്നത്.
ദക്ഷിണകാശി എന്ന് അറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയാണ് 'ഓച്ചിറക്കളി'. രണ്ട് നൂറ്റാണ്ടുമുമ്പ് കായംകുളം-വേണാട് രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളുടെ അനുസ്മരണമാണ് പരബ്രഹ്മ ക്ഷേത്ര പടനിലത്ത് നടക്കുന്നത്. ഓണാട്ടുകരയിൽ ഉൾപ്പെട്ട കാർത്തികപ്പള്ളി, മാവേലിക്കര, കരുനാഗപ്പള്ളി താലൂക്കുകളിലെ കരകളിൽ നിന്നായി മൂവായിരത്തോളം പേരാണ് ഇറങ്ങുന്നത്. 30 ദിവസം വ്രതശുദ്ധിയോടെ വിവിധ കളരികളിൽനിന്നാണ് ഇവർ പരിശീലനം നേടിയത്. ആശാന്മാരുടെ നേതൃത്വത്തിൽ 180 ഓളം കളരികളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
1857ൽ തിരുവിതാംകൂർ ദിവാനായി ടി. മാധവറാവു സ്ഥാനമേറ്റെടുത്തപ്പോഴാണ് മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചത്. ഇപ്പോൾ അലകുകൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഉപയോഗിക്കുന്നത്. ബുധനാഴ്ച പടനിലത്ത് എത്തിയ പടയാളികൾ കളരി ആശാന്മാർ, കര പ്രതിനിധികൾ, ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഋഷഭ വാഹനത്തിൽ എട്ടുകണ്ടംചുറ്റി ഒണ്ടിക്കാവ്, പടിഞ്ഞാറും കിഴക്കുമുള്ള ആൽത്തറകളിൽ പ്രദക്ഷിണം നടത്തി ക്ഷേത്രങ്ങളിൽ തൊഴുതാണ് എട്ടുകണ്ടത്തിൽ എത്തിയത്. വ്യാഴാഴ്ച കളി കഴിഞ്ഞ് പടയാളികൾ ആൽത്തറകളിലെത്തി തൊഴുത് പ്രാർഥിക്കുന്നതോടെയാണ് ചടങ്ങ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.